 
കൊച്ചി: ബൈക്കിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വില്പന നടത്തിയ സംഘത്തിലെ ഒരാളെ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മറ്റൊരാൾ ഓടി രക്ഷപെട്ടു. കുമ്പളം ചേപ്പനം കരയിൽ വടക്കേമട്ടലിൽ വീട്ടിൽ ഗിതിനെയാണ് (23) അറസ്റ്റുചെയ്തത്. കുമ്പളം പനങ്ങാട് മാണാട്ടിച്ചിറയിൽ സരുൺ സജീവനാണ് (20) രക്ഷപെട്ടതെന്ന് എക്സൈസ് പറഞ്ഞു.
നെട്ടൂർ, പനങ്ങാട് പ്രദേശങ്ങളിൽ എക്സൈസ് സംഘം നടത്തിയ റെയിഡിലാണ് പ്രതികൾ കുടുങ്ങിയത്. പിടിയിലായ പ്രതിയുടെ പക്കൽനിന്ന് 400 ഗ്രാം കഞ്ചാവും 42 നൈട്രൊസെപാം ഗുളികകളും കണ്ടെടുത്തു. കഞ്ചാവ് കച്ചവടത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പനങ്ങാട് ,നെട്ടൂർ ഭാഗങ്ങളിലുള്ള കൗമാരക്കാർക്കാണ് ഇവർ മയക്കുമരുന്ന് നൽകിയിരുന്നത്. ഒരുപൊതി കഞ്ചാവിന് 500 രൂപ നിരക്കിലായിരുന്നു വില്പന. മൊബൈൽ ഫോണിലൂടെ ഓർഡർ എടുത്ത് സ്ഥലത്ത് എത്തിച്ചുകൊടുക്കുകയായിരുന്നു. ഇൻസ്പെക്ടർ അൻവർ സാദത്ത്, പ്രിവന്റീവ് ഓഫീസർമാരായ രാംപ്രസാദ്, അജയഭാനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനി, രാജേഷ്, ദീപു തോമസ്, വിജോജ ജോർജ്, ജെയിംസ്, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ ജിജിമോൾ, വേലായുധൻ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.