medical

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ 2,849 പുതിയ തസ്തികകൾ സൃഷ്ടിച്ചപ്പോൾ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് വട്ടപ്പൂജ്യം. സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് നിർമ്മാണം പൂർത്തിയാകാനിരിക്കെ ആവശ്യമായ ഒരു തസ്തികയ്ക്കു പോലും അനുമതി ലഭിച്ചില്ല. ജില്ലയിലെ പാവങ്ങൾക്ക് ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജിനാണ് അവഗണന.

സഹകരണമേഖലയിൽ നിന്ന് സർക്കാർ ഏറ്റെ‌ടുത്ത കണ്ണൂർ മെഡിക്കൽ കോളേജിൽ 772 തസ്തികകൾ അനുവദിച്ചപ്പോൾ മുൻപ് സഹകരണമേഖലയിലായിരുന്ന എറണാകുളം മെഡിക്കൽ കോളേജിന് ഒരു തസ്തികയും അനുവദിക്കാതിരുന്നത് വിവേചനമാണെന്ന ആക്ഷേപം ശക്തമായി. കണ്ണൂരിനെ രാഷ്ട്രീയതാല്പര്യങ്ങളോടെ സഹായിച്ചപ്പോൾ എറണാകുളത്തെ കണ്ടില്ലെന്ന് നടിച്ചെന്നാണ് ആരോഗ്യപ്രവർത്തകരുടെ പരിഭവം.

സ്‌പെഷ്യാലിറ്റി ബ്ളോക്ക് അവസാന ഘട്ടത്തിൽ

കളമശേരിയിലെ മെഡിക്കൽ കോളേജ് വളപ്പിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നിർമാണം അവസാന ഘട്ടത്തിലാണ്. ഇവിടേയ്ക്ക് ആവശ്യമായ തസ്തികകൾ മുൻകൂട്ടി സൃഷ്ടിച്ചാലേ കെട്ടിടം സജ്ജമാകുമ്പോൾ തന്നെ പൂർണതോതിൽ പ്രവർത്തിക്കാൻ കഴിയൂ. ഇതിന് ആവശ്യമായ നടപടികൾ മെഡിക്കൽ കോളേജ് അധികൃതരും സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. വകുപ്പിന് ശുപാർശ നൽകിയാലേ തസ്തികകൾ സൃഷ്ടിക്കാൻ കഴിയൂ.
സഹകരണമേഖലയിൽ നിന്ന് സർക്കാർ ഏഴുവർഷം മുൻപാണ് എറണാകുളം മെഡിക്കൽ കോളേജ് ഏറ്റെടുത്തത്. അതിനുശേഷമാണ് കണ്ണൂർ ഏറ്റെടുത്തത്. എറണാകുളത്ത് ന്യൂറോസർജറി, ഗാസ്‌ട്രോ എന്ററോളജി, യൂറോളജി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ നിയമിച്ചിട്ടില്ല. മെഡിക്കൽ കോളേജിൽ തസ്തികകൾ സൃഷ്ടിക്കാനുൾപ്പെടെ നപടി ആവശ്യപ്പെട്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജക്ക് കത്തു നൽകി.

നാഥനില്ലാത്ത സ്ഥിതി

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് നാഥനില്ലാത്ത അവസ്ഥയാണ്. ഈ വർഷം മൂന്നു പ്രിൻസിപ്പൽമാർ മാറിമാറി വന്നു. മൂന്നാമൻ പെൻഷനാകുന്നതിന് മുൻപുള്ള നീണ്ട അവധിയിലാണ്. 1999 ൽ സഹകരണ വകുപ്പ് ആരംഭിച്ച് 2013 ൽ പൂർണ സർക്കാർ കോളേജായി മാറിയെങ്കിലും കൊച്ചി നിവാസികൾക്ക് പ്രയോജനകരമായ ആശുപത്രിയായി മാറിയിട്ടില്ല. മൂന്നു വർഷമെങ്കിലും ഇവിടെ സേവനമനുഷ്ഠിക്കാൻ താല്പര്യമുള്ളയാളെ പ്രിൻസിപ്പലായി നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

അദ്ധ്യാപകർ കുറവ്

മികച്ച അദ്ധ്യാപകരുടെ കുറവിനെത്തുടർന്ന് പരിമിതമായ പി.ജി. കോഴ്‌സുകൾ നഷ്ടപ്പെട്ടു. പല തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ഏത് മെഡിക്കൽ കോളേജിലും രോഗീപരിചരണത്തിന് അടിസ്ഥാന ആവശ്യമാണ് പി.ജി. വിദ്യാർത്ഥികൾ. അടിസ്ഥാന സ്‌പെഷ്യാലിറ്റികളായ സർജറി, ഗൈനക്കോളജി, ഓർതോപീഡിക്‌സ് വിഭാഗങ്ങളിൽ പി.ജി. കോഴ്‌സുകളില്ല. വിദ്യാർത്ഥികളുടെ പഠനത്തെയും ഇത് ബാധിക്കുന്നു.

മെട്രോ നഗരത്തിലെ മെഡിക്കൽ കോളേജിൽ റോഡപകടത്തിൽ തലച്ചോറിന് ക്ഷതം സംഭവിച്ചാൽ ചികിത്സിക്കാൻ ഡോക്ടറില്ല. വ്യവസായശാലകൾ ധാരാളമുള്ള ജില്ലയിൽ ദുരന്തമുണ്ടായാൽ ചികിത്സ നൽകാൻ പൊള്ളൽ വിദഗ്ദ്ധരില്ല. 24 മണിക്കൂറും ഹൃദ്രോഗ വിദഗ്ദ്ധന്റെ സേവനവും ലഭ്യമല്ല.

അടിയന്തര നടപടി വേണം

കൊച്ചി നഗരത്തിലെ ജനങ്ങൾക്ക് പ്രയോജനകരമായി മെഡിക്കൽ കോളേജിനെ മാറ്റണം. മിടുക്കനായ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ശക്തമായ നേതൃത്വം ഉണ്ടാകുന്നതിന് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം.

ഡോ.എൻ.കെ. സനിൽകുമാർ,ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ്