
കൊച്ചി: ഹാഥ്‌രാസ് കേസിൽ കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കെ.എ.റൗഫ് ഷെരീഫിനെ യു.പി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. യു.പി.പൊലീസിന്റെ കസ്റ്റഡിയിൽ വിടുന്നതു തടയണമെന്നാവശ്യപ്പെട്ട് റൗഫ് ഷെരീഫ് നൽകിയ ഹർജിയിലെ തുടർനടപടികൾ ഇതുരേഖപ്പെടുത്തിയശേഷം സിംഗിൾബെഞ്ച് അവസാനിപ്പിച്ചു. ഹാഥ്‌രാസിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് അവിടേക്ക് പുറപ്പെട്ട കാമ്പസ് ഫ്രണ്ട് ട്രഷറർ അതീക്വർ റഹ് മാൻ, മസൂദ് അഹമ്മദ്, ആലം, മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ എന്നിവരെ കലാപമുണ്ടാക്കാനെത്തിയെന്ന് ആരോപിച്ച് യു.പി പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇൗ പ്രതികൾക്ക് യു.പിയിലേക്ക് പോകാൻ സാമ്പത്തിക സഹായം നൽകിയത് റൗഫാണെന്ന് കണ്ടെത്തിയ ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇയാളെ അറസ്റ്റുചെയ്തിരുന്നു. ജാമ്യം ലഭിച്ചെങ്കിലും ഹാഥ്‌രാസ് കേസിൽ പ്രതിചേർത്ത യു. പി. പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ വാറന്റ് ഹാജരാക്കി. കഴിഞ്ഞ ശനിയാഴ്ച റൗഫിനെ കാക്കനാട് ജില്ലാ ജയിലിൽനിന്ന് യു.പി പൊലീസിനു കൈമാറുകയും ചെയ്തു.