valayar-case

കൊച്ചി: വാളയാറിൽ ദളിത് പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കുവിട്ട സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം പരിഗണിച്ചു സി.ബി.ഐയും കേന്ദ്രസർക്കാരും പത്തുദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും സർക്കാർ വിജ്ഞാപനത്തിലെ പിഴവ് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണിത്.

സർക്കാരിന്റെ ആദ്യവിജ്ഞാപനത്തിൽ 13 വയസുള്ള മൂത്തകുട്ടിയുടെ മരണം മാത്രമാണ് സി.ബി.ഐക്കു വിട്ടത്. ഒമ്പതുവയസുള്ള ഇളയകുട്ടിയുടെ കേസും സി.ബി.ഐയ്ക്കു വിടണമെന്നായിരുന്നു ആവശ്യം. പിഴവു തിരുത്തി രണ്ടു കേസുകളും സി.ബി.ഐക്കു വിട്ട പുതിയ വിജ്ഞാപനം സർക്കാർ ഹാജരാക്കി. തുടർന്നാണ് സി.ബി.ഐ നടപടികൾ വിശദീകരിക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. വിജ്ഞാപനം കേന്ദ്ര ആഭ്യന്തര,​ പേഴ്സണൽ മന്ത്രാലയങ്ങൾ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് ഇന്നലെ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്നാണ് പത്തുദിവസത്തിനകം തീരുമാനം അറിയിക്കാൻ നിർദ്ദേശിച്ചത്.