 
കൊച്ചി : രണ്ട് ജുഡിഷ്യൽ ഒാഫീസർമാരും രണ്ട് ഹൈക്കോടതി അഭിഭാഷകരും ഉൾപ്പെടെ നാല് പേരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു.
അഡ്വ. മുരളി പുരുഷോത്തമൻ, അഡ്വ. എ.എ. സിയാദ് റഹ്മാൻ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കരുണാകര ബാബു, എറണാകുളം ജില്ലാ ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് എന്നിവർക്കാണ് നിയമനം. 2020 നവംബറിൽ ഹൈക്കോടതി ജഡ്ജിമാരായി ഇവരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശചെയ്തിരുന്നു. ഇന്നലെ കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. ഇതോടെ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 40 ആയി.
അഡ്വ. മുരളി പുരുഷോത്തമൻ
ആലുവ സ്വദേശി. വിദ്യാധിരാജ സ്കൂൾ, യു.സി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം ഗവ. ലാ കോളേജിൽ നിന്ന് നിയമബിരുദം. സീനിയർ അഭിഭാഷകനായ അഡ്വ. നന്ദകുമാരമേനോന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. കേന്ദ്ര - സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകളുടെ അഭിഭാഷകനാണ്. സീനിയർ അഭിഭാഷകനായിരുന്ന വി.എൻ. അച്യുതക്കുറുപ്പിന്റെ മകളും അഭിഭാഷകയുമായ ലീനയാണ് ഭാര്യ. മകൻ ഗോകുൽ മുരളി യു.എസിൽ ഫേസ്ബുക്ക് നെറ്റ്വർക്ക് എൻജിനിയറാണ്.
അഡ്വ. എ.എ. സിയാദ് റഹ്മാൻ
തൃക്കാക്കര സ്വദേശി. മേരിമാത സ്കൂൾ, കാർഡിനൽ സ്കൂൾ, കളമശേരി സെന്റ് പോൾസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1996 ൽ മംഗലാപുരത്തു നിന്ന് നിയമബിരുദമെടുത്തു. അഡ്വ. എം.വി. ഇബ്രാഹിംകുട്ടി, മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണി, ജെയ്ജി ഇട്ടൻ എന്നീ അഭിഭാഷകരുടെ ജൂനിയറായിരുന്നു. ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളുടെ അഭിഭാഷകനാണ്. സിജിന സിയാദാണ് ഭാര്യ. വിദ്യാർത്ഥികളായ ഫിസ സിയാദ്, ദിയ സിയാദ് എന്നിവർ മക്കൾ.
കരുണാകര ബാബു (കെ. ബാബു)
കൊട്ടാരക്കര തേവന്നൂർ സ്വദേശി. 1994 ലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2009 ൽ കേരള ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. പത്തനംതിട്ട, കോട്ടയം, തലശേരി എന്നിവിടങ്ങളിൽ അഡി. ജില്ലാ ജഡ്ജിയായിരുന്നു. എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. സുപ്രീംകോടതിയിൽ രജിസ്ട്രാർ (ഒാഫീസർ ഒാൺ സ്പെഷ്യൽ ഡ്യൂട്ടി), കേരള ഹൈക്കോടതി സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല സ്പെഷ്യൽ കമ്മിഷണറായിരുന്നു. സുപ്രീം കോടതി നിയോഗിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ചെയർമാനാണ്. ഭാര്യ : കെ. സന്ധ്യ. മക്കൾ : വൃന്ദ ബാബു (കേരള ലാ അക്കാഡമിയിൽ നിയമ വിദ്യാർത്ഥിനി), വരുൺ ബാബു (ലയോള സ്കൂൾ).
ഡോ. കൗസർ എടപ്പഗത്ത്
കണ്ണൂർ സ്വദേശി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും എം.ജി സർവകലാശാലയിൽ നിന്ന് എൽഎൽ.എമ്മും പാസായി. ന്യൂഡൽഹിയിലെ ഇന്ത്യൻ ലാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പി എച്ച്.ഡി നേടി. 1991 ൽ തലശേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2002 ൽ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 2009ൽ കേരള ജുഡിഷ്യൽ സർവീസിൽ ജില്ലാ സെഷൻസ് ജഡ്ജിയായി നേരിട്ടു നിയമനം. ഭാര്യ : ഡോ. അമീറ അഹമ്മദ് ഇസ്മയിൽ (റിനൈ മെഡിസിറ്റി, എറണാകുളം). നാലു മക്കളുണ്ട്.