കോലഞ്ചേരി: ഉത്പാദന മേഖലയിൽ കൃഷിയ്ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും, ക്ഷീരോത്പാദന രംഗത്ത് ക്ഷീര കർഷകരെ പ്രതിസന്ധി ഘട്ടത്തിൽ നിലനിർത്താനും ലക്ഷ്യമിട്ട് വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ പ്രഥമ ബഡ്ജറ്റ് പ്രസിഡന്റ് വി.ആർ.അശോകന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് അനു അച്ചു അവതരിപ്പിച്ചു. നെൽക്കൃഷി 560 ഹെക്ടറിലേയ്ക്ക് വ്യാപിപ്പിക്കാൻ 31 ലക്ഷവും, ക്ഷീര കർഷകർക്ക് പാൽ സബ്സിഡി നല്കുന്നതിന് 40 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി. പരമ്പരാഗത ജല സ്രോതസുകളുടെ പുനരുദ്ധാരണത്തിനും, നീർത്തടങ്ങളുടെ സംരക്ഷണത്തിനും, തടയണകൾ നിർമ്മിക്കുന്നതിനും 'നിറവ്' പദ്ധതി നടപ്പാക്കും. ഹരിതകേരള മിഷൻ, സി.എസ്.ആർ ഫണ്ടും ഉപയോഗിച്ച് സംയോജിതമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുനായി 10 ലക്ഷം രൂപ വകയിരുത്തി. അങ്കണവാടികൾ നിർമ്മിക്കാനും, പുനരുദ്ധരിക്കാനും 16 ലക്ഷവും,ശാരീരിക മാനസീക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പിനായി 21 ലക്ഷവും, ലൈഫ് പദ്ധതിയ്ക്ക് വേണ്ടി 39,06000 രൂപയും,വീടു നിർമ്മാണം, പട്ടിക ജാതി വിഭാഗത്തിന് 32,31300 രൂപയും, പട്ടിക വർഗ വിഭാഗത്തിന് 1,72000 രൂപയും, ആരോഗ്യ മേഖലയ്ക്ക് 25.5 ലക്ഷവും, റോഡ് നിർമ്മാണത്തിന് 35 ലക്ഷവും, പട്ടിക ജാതി കുടുംബങ്ങളുടെ ക്ഷേമത്തിനും, സ്കോളർ ഷിപ്പിനും, കോളനികളുടെ സമ്പൂർണ നവീകരണവും ലക്ഷ്യമിട്ട് 75 ലക്ഷവും, യുവജനങ്ങളുടെ ഉയർച്ച ലക്ഷ്യമാക്കി 5.10 ലക്ഷവും, മത്സ്യക്കൃഷിയിലേയ്ക്ക് തിരിഞ്ഞ കർഷകർക്ക് തീറ്റയും, മത്സ്യക്കുഞ്ഞുങ്ങളും ലഭ്യമാക്കാൻ 2 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശൻ, കുന്നത്തുനാട് എം.വി.നിതമോൾ, പൂതൃക്ക ടി.പി.വർഗീസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസ്സി അലക്സ്, ഉമ മഹേശ്വരി, ബി.ഡി.ഒ കെ.എ.തോമസ് എന്നിവർ സന്നിഹിതരായി.