വൈപ്പിൻ: സർക്കാർ പുതിയതായി അനുവദിച്ച ഡിവൈ.എസ്.പി ഓഫീസ് ചെറായി ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ഇതുവരെ ആലുവ പൊലീസ് സബ് ഡിവിഷനിലായിരുന്ന മുനമ്പം, വടക്കേക്കര, പുത്തൻവേലിക്കര, പറവൂർ, വരാപ്പുഴ, ഞാറയ്ക്കൽ എന്നീ സ്റ്റേഷനുകൾ ഇതോടെ ചെറായിയിൽ തുറന്ന മുനമ്പം ഡിവൈ.എസ്.പിയുടെ കീഴിലായിരിക്കും. ടൂറിസം കേന്ദ്രമെന്ന നിലയിൽ നേരത്തേ അനുവദിച്ചിരുന്ന പൊലിസ് ഔട്ട് പോസ്റ്റിനു വേണ്ടി നിർമ്മിച്ചിരുന്ന കെട്ടിടമാണ് നവീകരിച്ച് ഡിവൈ.എസ്.പി ഓഫീസാക്കിയത്.
ബീച്ചിൽ നടന്ന ചടങ്ങിൽ എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി. കെ. കാർത്തിക്ക് സ്വാഗതവും ഡിവൈ.എസ്.പി ടി.എസ്. സിനോജ് നന്ദിയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വാർഡ് മെമ്പർ വി.ജി. ശ്രീമോൻ, മുനമ്പം ഇൻസ്‌പെക്ടർ കെ.എസ്. സന്ദീപ്, കെ.പി.ഒ.എ. സെക്രട്ടറി ജെ. ഷാജിമോൻ, കെ.പി.എ. സെക്രട്ടറി എം.എ. അജിത്കുമാർ എന്നിവർ സംബന്ധിച്ചു.