kpboa
ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ പനമ്പിള്ളിനഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ബസ് തള്ളി പ്രതിഷേധിക്കുന്നു

കൊച്ചി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ പനമ്പിള്ളിനഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ബസ് തള്ളി പ്രതിഷേധിച്ചു.

കൊവിഡ് വ്യാപനത്തെത്തുടർന്ന് യാത്രക്കാർ കുറഞ്ഞ് പൊതുഗതാഗതം തകർന്ന സമയത്ത് ദിനംപ്രതി ഡീസൽവില വർദ്ധിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് ഉടമകൾ പറഞ്ഞു. ബാരലിന് 120 ഡോളർ വിലയുണ്ടായിരുന്നപ്പോൾ ഡീസൽ വില 64 രൂപയായിരുന്നു. 65 ഡോളറിലേയ്ക്ക് വില താഴ്‌ന്നപ്പോൾ 85 രൂപയ്ക്ക് വിൽക്കുന്നത് ബസുടമകളെയും ജനങ്ങളെയും കൊള്ളയടിക്കുന്നതാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ പറഞ്ഞു.
ഡീസൽ സബ്‌സിഡി അനുവദിക്കുക, 2021 വർഷത്തെ റോഡ് നികുതി പൂർണമായും ഒഴിവാക്കുക, ബസുകൾ സി.എൻ.ജിയിലേയ്ക്ക് മാറ്റാൻ പലിശരഹിതവായ്പ അനുവദിക്കുക, ജി.പി.എസ് ഘടിപ്പിക്കാനുള്ള കാലാവധി നീട്ടിനൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം നടത്തിയത്.

ജനറൽ സെക്രട്ടറി കെ.ബി. സുധീർ, നെൽസൺ മാത്യു, ജോയ് ജോസഫ്, ഷൺമുഖദാസ്, പി.പി. അലിയാർ, രാമപടിയാർ, സുരേഷ് കുറുപ്പ്, കെ.എം. സിറാജ് എന്നിവർ പ്രസംഗിച്ചു.