കോലഞ്ചേരി: പുതിയതായി പുത്തൻകുരിശിൽ അനുവദിച്ച പൊലീസ് സബ് ഡിവിഷൻ ഓഫീസ് മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. തുടർന്ന് പുത്തൻകുരിശ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എം.എൽ.എ വി.പി.സജീന്ദ്രൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആലുവ അഡീഷണൽ എസ്.പി പി. വഹാബ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശൻ, പഞ്ചായത്തംഗം കെ.സി. ഉണ്ണിമായ, കേരള പൊലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ്, കേരള പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ടി.ടി.ജയകുമാർ മൂവാറ്റുപുഴ ഡിവൈ.എസ്.പി സി.ജി. സുനിൽകുമാർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അശോക് കുമാർ, പുത്തൻകുരിശ് എസ്.എച്ച്.ഒ സാജൻ സേവ്യർ തുടങ്ങിയവർ സംസാരിച്ചു. പുത്തൻകുരിശ് സബ്ഡിവിഷനു കീഴിൽ പിറവം, കൂത്താട്ടുകുളം, മുളന്തുരുത്തി, ചോറ്റാനിക്കര, രാമമംഗലം, പുത്തൻകുരിശ് എന്നീ സ്റ്റേഷനുകളാണ് വരുന്നത്. ഈ സ്റ്റേഷനുകൾ മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ പരിധിയിലായിരുന്നു.ഇതോടെ ആലുവ പെരുമ്പാവൂർ,മൂവാറ്റുപുഴ, എന്നിവ ഉൾപ്പെടെ റൂറൽ ജില്ലയിൽ അഞ്ച് സബ് ഡിവിഷനുകളാകും.