ആലുവ: 'നമ്മുടെ ആലുവ, നമ്മുടെ ബഡ്ജറ്റ്' എന്ന പേരിൽ കൗൺസിൽ പോലും അറിയാതെ നഗരസഭാ വാർഡുകളിൽ സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് സർവേ നടത്തുന്നത് നിർത്തിവെക്കണമെന്ന് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. കൗൺസിലർമാരെയും വാർഡ് സഭയേയും നോക്കുകുത്തിയാകുന്ന നടപടിയാണിത്. വാർഡുകളിൽ ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ വാർഡ് സഭകളിലൂടെയും കൗൺസിലർ മുഖേനയും സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ നിർദ്ദേശം ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതുമാണ്. ഇത്തരം നടപടി ഒഴിവാക്കി സ്വകാര്യ ഏജൻസിയുടെ നിർദേശങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. 2010 - 2015ൽ വിദേശ ഏജൻസിയെ ഉപയോഗിച്ച് സർവേ നടത്തി ചിലർ ലണ്ടൻ യാത്ര നടത്തിയെന്നല്ലാതെ പിന്നീട് ഒന്നുമുണ്ടായിട്ടില്ല. മുൻ സർവേ നടപടികളുടെ തത് സ്ഥിതിയും പുറത്തുവിടണം. വാർഡുസഭ നിർദേശങ്ങൾക്ക് ബദലായി സ്വകാര്യ ഏജൻസി നടത്തുന്ന സർവേയുമായി എൽ.ഡി.എഫ് അംഗങ്ങൾ സഹകരിക്കില്ലെന്ന് മുനിസിപ്പൽ കമ്മിറ്റി കൺവീനർ രാജീവ് സക്കറിയ അറിയിച്ചു.
നടപടികൾ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനമനുസരിച്ചെന്ന് വൈസ് ചെയർപേഴ്സൺ
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനമനുസരിച്ചാണ് കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ 60 അംഗ വിദ്യാർത്ഥി സംഘത്തെ ചുമതലപ്പെടുത്തിയതെന്ന് വൈസ് ചെയർപേഴ്സൺ ജെബി മേത്തർ പറഞ്ഞു. നഗരസഭയിലെ 26 വാർഡുകളിലുമായി മൂന്ന് ദിവസം സർവ്വെ നടക്കും. പ്രത്യേക ചോദ്യാവലി തയ്യാറാക്കി ജനങ്ങൾക്ക് നൽകിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇന്ന് സർവ്വെ അവസാനിക്കും. ഏജൻസി തയ്യാറാക്കുന്ന റിപ്പോർട്ട് സ്റ്റാന്റിംഗ് കമ്മിറ്റി പാസാക്കിയ ശേഷമായിരിക്കും ബഡ്ജറ്റിൽ ഉൾപ്പെടുത്തുക.