
കൊച്ചി : നയതന്ത്ര സ്വർണക്കടത്തിൽ എൻ.ഐ.എ കേസിലെ 12 പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം നൽകിയത് ഹൈക്കോടതി ശരിവച്ചു.
കസ്റ്റംസ് നിയമത്തിന്റെ പരിധിയിൽ വരുന്ന സ്വർണക്കടത്ത് ഭീകരപ്രവർത്തനമാണെന്നു പറയാനാവില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ സ്വർണം കടത്തിയതിന് തെളിവുകളില്ലെങ്കിൽ യു.എ.പി.എ ചുമത്താനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പ്രതികളായ സെയ്തലവി, പി.ടി. അബ്ദു, മുഹമ്മദ് അലി ഇബ്രാഹീം, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അൻവർ, ഹംസദ് അബ്ദുസലാം, സംജു, ഹംജദ് അലി, സി.വി. ജിഫ്സൽ, അബൂബക്കർ, മുഹമ്മദ് അബ്ദു ഷമീം, അബ്ദുൾ ഹമീദ് എന്നിവരുടെ ജാമ്യമാണ് ശരിവച്ചത്. ഏഴാം പ്രതി മുഹമ്മദ് ഷാഫിക്ക് ജാമ്യം നിഷേധിച്ചതും ശരിവച്ചു.
എൻ.ഐ.എ വാദം
 കുറ്റകൃത്യത്തെ വെറും സ്വർണക്കടത്തായാണ് എൻ.ഐ.എ കോടതി കണ്ടത്.
 നിരവധി പ്രതികളുള്ളതിനാൽ അന്വേഷണത്തിനു കൂടുതൽ സമയം വേണം.
 99 ഉപകരണങ്ങളിൽ 22 എണ്ണത്തിലെ വിവരങ്ങളാണ് ഡീ കോഡ് ചെയ്തത്.
ഹൈക്കോടതി പറഞ്ഞത്
അനധികൃത നേട്ടമുണ്ടാക്കാനുള്ള സ്വർണക്കടത്തിനെ ഭീകരപ്രവർത്തനമായി കാണാനാവില്ല. പ്രതികളുടെ ലക്ഷ്യം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കുകയാണെന്ന് പ്രഥമദൃഷ്ട‌്യാ വ്യക്തമല്ല. പ്രതികൾ സ്വത്തുള്ള ബിസിനസുകാരാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാനായി കള്ളനോട്ട്, നാണയങ്ങൾ, ബന്ധമുള്ള മറ്റു വസ്തുക്കൾ തുടങ്ങിയവ കടത്തുന്നത് യു.എ.പി.എ സെക്‌ഷൻ 15 പ്രകാരം കുറ്റകരമാണ്. മറ്റു വസ്തുക്കളെന്ന നിർവചനത്തിൽ സ്വർണം ഉൾപ്പെടില്ല. സ്വർണക്കടത്തിനെ ഭീകരപ്രവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടുത്താൻ നിയമ നിർമ്മാതാക്കൾക്ക് കഴിയും. ഏഴാം പ്രതി മുഹമ്മദ് ഷാഫിക്ക് ഗൂഢാലോചനയിലുൾപ്പെടെ പങ്കുണ്ട്. ഇയാളിലൂടെയാണ് മറ്റു പ്രതികളിലേക്ക് കള്ളക്കടത്തു സ്വർണം എത്തിയത്. ഷാഫിയുടെ ജാമ്യം തള്ളിയതിൽ അപാകതയില്ല.