കൂത്താട്ടുകുളം:സംസ്ഥാന സർക്കാരിന്റെ ജലസേചന വകുപ്പിൻ കീഴിൽ നടപ്പാക്കുന്ന മൈക്രോ ഇറിഗേഷൻ പ്രോജക്ടിന്റെ സംസ്ഥാനത്തെ രണ്ടാമത്തേതും എറണാകുളം ജില്ലയിലെ ആദ്യത്തേതുമായ പദ്ധതിയായ പിറവം നിയോജകമണ്ഡലത്തിലെ മണ്ണത്തൂർ കുറ്റത്തിനാൽ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. 527 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്.എം.വി.ഐ.പി കനാലിൽ നിന്നും വെള്ളം ഒരു ചാനൽ വഴി മണ്ണത്തൂർ അണിപുത്ര കുളത്തിൽ എത്തിച്ച് കുറ്റത്തിനാൽ ടാങ്കിലേക്ക് പമ്പ് ചെയ്ത് വരണ്ട പ്രദേശങ്ങളിലേയ്ക്ക് വെള്ളം എത്തിയ്ക്കുന്ന പദ്ധതിയാണിത്. മണ്ണത്തൂർ,കുറ്റത്തിനാൽ, ചെറ്റേപീടിക എന്നീ പ്രദേശങ്ങളിലെ ഏകദേശം 82 ഹെക്ടർ പ്രദേശത്ത് ആദ്യഘട്ടത്തിൽ വെള്ളം എത്തിക്കാൻ സാധിക്കും. കൂടാതെ 72 കുടുംബങ്ങൾക്ക് കുടിവെള്ളം കൊടുക്കാൻ കഴിയും. അടുത്ത ഘട്ടമായി മുന്നൂറിലേറെ ഹെക്ടർ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനും കൂടുതൽ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനും സാധിക്കും. ഈ പദ്ധതി നിയോജകമണ്ഡലത്തിലെ മറ്റ് ഉയർന്ന പ്രദേശങ്ങളിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.