കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു. എൽദോ എബ്രാഹം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച ഒരുകോടി രൂപ ചെലവൊഴിച്ചാണ് മന്ദിരം നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണ പൂർത്തീകരണത്തിനായി 30ലക്ഷം രൂപ കൂടി ഈ സാമ്പത്തിക വർഷം എം.എൽ.എ അനുവദിച്ചിട്ടുണ്ട്. പാലക്കുഴ - തൊടുപുഴ റോഡിൽ ഷാപ്പും പടിക്ക് സമീപം പഞ്ചായത്ത്‌ വക 34.5 സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട്ടത്തിൽ ഓഫീസ് പ്രവർത്തനം നാളുകൾക്കകം പൂർണതോതിൽ സജ്ജമാകും. മന്ദിരത്തിന്റെ ഉദ്ഘാടനം എൽദോ എബ്രാഹം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് കെ എ ജയ അദ്ധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആലീസ് ഷാജു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ സാലി ജോർജ്, ജിബി സാബു, എൻ.കെ ഗോപി, എൻ കെ ജോസ്, ജോഷി സ്കറിയ, കെ ജി വിജയൻ, വി. എം വർഗീസ്‌, പി കെ ജോൺ, സെക്രട്ടറി എം ബി പ്രീതി എന്നിവർ സംസാരിച്ചു.