 
തൃക്കാക്കര : മിനിട്ട്സിൽ തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്നാരോപിച്ച് ഇന്നലെ നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തിൽ അലങ്കോലപ്പെട്ടു.
ചന്ദ്രബാബുവും, എം.ജെ ഡിക്സണുമാണ് വിഷയം ഉന്നയിച്ചത്. ചെയർപേഴ്സൺ ഇത് അവഗണിച്ചതോടെ പ്രതിഷേധം തുടങ്ങി. ബഹളത്തിനിടെ അജണ്ട പാസായതായി പ്രഖ്യാപിച്ച് ചെയർപേഴ്സൻ ഹാൾ വിടുകയായിരുന്നു.
ടാങ്കറിൽ കുടിവെള്ള വിതരണം
കുടിവെള്ള ക്ഷാമമുള്ളിടത്ത് സൗജന്യമായി വെള്ളമെത്തിക്കാനുള്ള കൗൺസിൽ തീരുമാനം അട്ടിമറിച്ചെന്ന് ആരോപിച്ചും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ചന്ദ്രബാബു ,എം.ജെ ഡിക്സൺ,ജിജോ ചങ്ങംതറ,അജ്ജുന ഹാഷിം,സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് ഉൾപ്പടെ പ്രതിപക്ഷ കൗൺസിലർമാർ മുൻസിപ്പൽ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ ക്യാബിനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി, ആരോഗ്യകാര്യ കമ്മറ്റി ചെയർമാൻ റാഷിദ് ഉള്ളംപിള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് മണിക്കൂറുകൾക്കകം ടാങ്കറിൽ കുടിവെള്ള വിതരണം ആരംഭിച്ചു.
ഇന്നുമുതൽ കൗൺസിലർമാർ ആവശ്യപ്പെടുന്ന വാർഡുകളിലേക്ക് നഗരസഭ സൗജന്യമായി കുടിവെള്ളം എത്തിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി. ഒരുമാസം മുമ്പാണ് സൗജന്യമായി കുടിവെള്ളവിതരണത്തിന് കൗൺസിൽ തീരുമാനിമെടുത്തത്. വാട്ടർ അതോറിട്ടിയുടെ കുടിവെളള സംഭരണിയിലെ തകരാറുകൊണ്ട് ജലവിതരണം മുടങ്ങിയതോടെ മാവേലിപുരം,കൊല്ലംകുടിമുഗൾ,ടി.വി സെന്റർ,തെങ്ങോട്,തുതിയൂർ,അത്താണി തുടങ്ങിയ വാർഡുകളിൽ വിതരണം മുടങ്ങിയിരുന്നു.