 
കൊച്ചി: മഹാകവി കുമാരനാശാന്റെ ജീവിതസായാഹ്നത്തിലെ സംഘർഷഭരിതവും സംഭവബഹുലവുമായ സന്ദർഭങ്ങൾ കോർത്തിണക്കി പ്രശസ്ത സംവിധായകൻ കെ.പി. കുമാരൻ രചനയും സംവിധാനവും നിർവഹിച്ച സിനിമ 'ഗ്രാമവൃക്ഷത്തിലെ കുയിൽ' കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ശനിയാഴ്ച പ്രദർശിപ്പിക്കും. വൈകിട്ട് 4.15ന് സവിത തീയേറ്ററിലാണ് പ്രദർശനം.
കേരളീയ നവോത്ഥാനത്തിന്റെ കാവ്യപ്രതീകമെന്നാണ് സംവിധായകൻ കുമാരനാശാനെ വിശേഷിപ്പിക്കുന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കം മുതൽ 1970 കളുടെ അവസാനം വരെനീണ്ടുനിന്ന നവോത്ഥാനമൂല്യങ്ങളുടെ മുഖ്യശില്പിയായിരുന്ന കുമാരനാശാനെ ആധJനിക കേരളം വേണ്ടതുപോലെ മനസിലാക്കിയിട്ടില്ലെന്ന പരാതി ഈ സിനിമ പിറവിക്കുപിന്നിലുണ്ട്.
80കൾക്കുശേഷം കേരളത്തിൽ സമ്പത്തും വിദ്യാഭ്യാസവും ഏറെയുണ്ടായെങ്കിലും സാമൂഹ്യബോധത്തിലും സാംസ്കാരികരംഗത്തും ഏറെ പിന്നാക്കം പോയി. വർത്തമാനകാലത്തിൽ ജാതിയുടെയും മതങ്ങളുടെയും പേരിൽ മനുഷ്യർ വല്ലാതെ അകന്നുപോയിരിക്കുന്നു. അതുകൊണ്ട് കുമാരനാശിലേക്കൊരു തിരിച്ചുപോക്ക് മലയാളിക്ക് അത്യാവശ്യമായിരിക്കുന്നുവെന്ന സന്ദേശമാണ് കെ.പി. കുമാരൻ സിനിമയിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയം.
ചിന്താവിഷ്ടയായ സീത, ചണ്‌ഡാലഭിക്ഷുകി, കരുണ തുടങ്ങിയ ആശാൻ കവിതകളുടെ രാഷ്ട്രീയം, കാവ്യഭംഗി, നവോത്ഥാന മൂല്യങ്ങൾ, സാമൂഹ്യചിന്ത എന്നിവയെല്ലാം സിനിമയിൽ ചേരുവകളാകുന്നുണ്ട്. ആശാന്റെ വിവാഹശേഷമുള്ള സംഘർഷഭരിതമായ 7 വർഷത്തെ ജീവിതം അനാവരണം ചെയ്യുന്ന ആത്മകഥാംശമുള്ള 'ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്ന കൃതിയാണ് കഥാതന്തു. അക്കാലത്തെ ജാതിമതാന്ധതയെക്കെതിരെ കുമാരനാശന്റെ ചിന്തകളിലൂടെയുള്ള സഞ്ചാരമെന്നും ഈ സിനിമയെ വിശേഷിപ്പിക്കാം. ആശാന്റെ കവിതകൾ , ചിന്ത, ജീവിതം, കാലഘട്ടത്തിന്റെ പ്രകൃതി എന്നിവയും ഈ ചിത്രത്തിൽ അതേപടി പകർത്തിയിട്ടുണ്ട്.
തൃപ്പൂണിത്തുറയ്ക്ക് സമീപം പെരുമ്പളം ദ്വീപിലാണ് പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത്. കാലടിക്ക് സമീപം പെരിയാറിന്റെ തീരത്തും ആലുവ അദ്വൈതാശ്രമത്തിന്റെ പശ്ചാത്തലത്തലവും, അരുവിപ്പുറമൊക്കെ ലൊക്കേഷനുകളായി. 1.55 മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ കുമാരനാശാനെ അവതരിപ്പിക്കുന്നത് കർണാടക സഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ആണ്. ആശാന്റെ ഭാര്യ, ഭാനുമതി ആയി വേഷമിടുന്നത് ഗാർഗി ആനന്ദും. ദൃശ്യമാദ്ധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ, ബൈജു എന്നിവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. മൂന്ന് രംഗങ്ങളിൽ ശ്രീനാരായണഗുരുവും കഥാപാത്രമാകുന്നുണ്ട്. അരുവിപ്പുറം പ്രതിഷ്ഠയിൽ നിന്നാണ് സിനിമയുടെ തുടക്കം. കെ.പി. കുമാരന്റെ സഹധർമിണി എം. ശാന്തമ്മ പിള്ളയാണ് നിർമ്മാണം. കെ.ജി. ജയൻ, ബി. അജിത് കുമാർ, ജയചന്ദ്രകൃഷ്ണ, ടി. കൃഷ്ണൻ ഉണ്ണി എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.