hospital
ചേരാനല്ലൂർ ഗവ. ആയുർവേദ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

പെരുമ്പാവൂർ: ചേരാനല്ലൂർ ഗവ. ആയുർവേദ ആശുപത്രി പുതിയ കെട്ടിടം നിർമ്മാണം തുടങ്ങി. എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എയുടെ ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 56.06 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. മുൻപ് ഇവിടെ കെട്ടിടം നിർമ്മിക്കുന്നതിനായി തുക അനുവദിച്ചിരുന്നെങ്കിലും ആശുപത്രിയുടെ സൗകര്യങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നതിനാൽ പുതിയ ഭരണാനുമതി ലഭ്യമാക്കുകയായിരുന്നു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ആരോഗ്യ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്.

2000 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഭാവിയിൽ മറ്റു രണ്ട് നിലകൾ കൂടി നിർമ്മിക്കുന്നതിനുള്ള അടിത്തറയോടു കൂടിയാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 2 കൺസൾട്ടിംഗ് മുറികൾ, ആയുർവേദ ഫാർമസി, നേഴ്സസ് സ്റ്റേഷൻ, ട്രീറ്റ്മെന്റ് മുറി, പഞ്ചകർമ ട്രീറ്റ്മെന്റ് മുറി, ഡ്രസിംഗ് മുറി, വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, റിസപ്ഷൻ എന്നിവ കൂടാതെ ഭാവിയിൽ മറ്റു നിലകൾ നിർമ്മിക്കുമ്പോൾ ലിഫ്ട് ഉപയോഗത്തിനുള്ള സൗകര്യവും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

65 വർഷം പിന്നിട്ട ആശുപത്രിക്കായി പഞ്ചായത്ത് 1997 ൽ സ്വന്തമായി സ്ഥലം വാങ്ങിയിരുന്നു. ദിനം പ്രതി ഇരുനൂറ്റിയൻപതോളം രോഗികൾ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. മങ്കുഴി, തൊട്ടുവ, ഇടവൂർ പ്രദേശങ്ങളിലെ ഏറെയും ജനങ്ങൾ ആയുർവേദ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഇവിടെയാണ്.

ഒരു ഡോക്ടർ ഉൾപ്പെടെ 6 സ്റ്റാഫുകളാണ് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നത്. കൂവപ്പടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ചേരാനല്ലൂർ ഗവ. ആയുർവേദ ആശുപത്രിയെ വയോജനങ്ങളാണ് കൂടുതലും ആശ്രയിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.