survey

ആലുവ: ബഡ്ജറ്റ് തയ്യാറാക്കുന്നതിനായി സ്വകാര്യ ഏജൻസിയെ ഉപയോഗപ്പെടുത്തി സർവേ നടത്തുന്നതിനെതിരെ ആലുവയിൽ വിവാദം. മൂന്ന് ദിവസം നീണ്ടുനിന്ന സർവെ ഇന്നവസാനിക്കാനിരിക്കെയാണ് ആരോപണവുമായി എൽ.ഡി.എഫ് രംഗത്തെത്തിയത്. 'നമ്മുടെ ആലുവ, നമ്മുടെ ബഡ്ജറ്റ്' എന്ന സന്ദേശമുയർത്തി കളമശേരി രാജഗിരി കോളേജിലെ 60 വിദ്യാർത്ഥികളാണ് സർവേ നടത്തുന്നത്. ചോദ്യാവലി തയ്യാറാക്കിയാണ് ജനങ്ങളിൽ നിന്നും അഭിപ്രായം തേടുന്നത്. നഗരസഭയിലെ 26 വാർഡുകളിലും സർവേ നടക്കും. കൂടാതെ ഇന്ന് നഗരത്തിലെ തിരക്കേറിയ കവലകളിലും സർവെ സംഘം ജനഭിപ്രായം തേടിയെത്തും. എന്നാലിത് വാർഡ് സഭകളെയും കൗൺസിലർമാരെയും അവഗണിക്കുന്ന നടപടിയാണെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്. ഇതേതുടർന്ന് കഴിഞ്ഞ ദിവസം നടന്ന സർവെ ഉദ്ഘാടനവും എൽ.ഡി.എഫ് ബഹിഷ്കരിച്ചിരുന്നു. എന്നാൽ സർവേയെ അനുകൂലിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേത്. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ രണ്ട് ബി.ജെ.പി പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

നഗരസഭ ചെയർമാൻ എം.ഒ. ജോണാണ് സ‌ർവേ ഉദ്ഘടനം ചെയ്തത്. വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ അദ്ധ്യക്ഷത വഹിച്ചു. ഫാ. എം.കെ. ജോസഫ്, നഗരസഭ സെക്രട്ടറി ടോബി തോമസ്, ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ജെയിസൺ പീറ്റർ, എൻ. ശ്രീകാന്ത്, കെ. ജയകുമാർ, ശ്രീലത രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

സർവേ നിർത്തണമെന്ന് എൽ.ഡി.എഫ്

കൗൺസിലിൽ ചർച്ച ചെയ്യാതെ സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന സർവേ നിർത്തണമെന്ന് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. കൗൺസിലർമാരെയും വാർഡ് സഭയെയും നോക്കുകുത്തിയാകുകയാണ്. സ്വകാര്യ ഏജൻസിയുടെ നിർദേശങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനമനുസരിച്ചെന്ന്

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനമനുസരിച്ചാണ് സർവെ നടത്തുന്നത്. ഇന്ന് വൈകിട്ട് സർവ്വെ അവസാനിക്കും. ഏജൻസി തയ്യാറാക്കുന്ന റിപ്പോർട്ട് സ്റ്റാന്റിംഗ് കമ്മിറ്റി പാസാക്കിയ ശേഷമായിരിക്കും ബഡ്ജറ്റിൽ ഉൾപ്പെടുത്തുക.

ജെബി മേത്തർ

വൈസ് ചെയർപേഴ്‌സൺ

സഹകരിക്കില്ല

2010 - 2015ൽ വിദേശ ഏജൻസിയെ ഉപയോഗിച്ച് സർവേ നടത്തി ചിലർ ലണ്ടൻ യാത്ര നടത്തിയെന്നല്ലാതെ നഗരസഭക്ക് ഗുണമുണ്ടായിട്ടില്ല. മുൻ സർവേ നടപടികളുടെ തൽസ്ഥിതിയും പുറത്തുവിടണം. വാർഡുസഭാ നിർദേശങ്ങൾക്ക് ബദലായി സ്വകാര്യ ഏജൻസി നടത്തുന്ന സർവേയുമായി സഹകരിക്കില്ല

രാജീവ് സക്കറിയ

മുനിസിപ്പൽ കമ്മിറ്റി കൺവീനർ