
കൊച്ചി: പ്രായം വെറും 25. എന്നാൽ സ്വന്തമായുള്ളത് ഡ്യുക്കാട്ടി അടക്കം അമ്പതോളം ബൈക്കുകൾ. ആരടാ.. ഈ പണക്കാരൻ പയ്യൻ എന്നാകും ചിന്തയല്ലേ. ഒരു സാധാരണ കുടുംബത്തിലെ തൊഴിൽരഹിതനായ ഒരു ഐ.ടി.ഐക്കാരനാണ് കഥാനായകൻ. മുനമ്പം പള്ളിപ്പുറം സ്വദേശി ഷാരോൺ മൈക്കിൾ. മിനിയേച്ചർ ആർട്ടിസ്റ്റ്. ഒരു രൂപ പോലും മുടക്കാതെ ഇത്രയും ബൈക്കുകൾ നിർമ്മിച്ചെടുത്തതിന് പിന്നിൽ ഒരു കഥയുണ്ട്. എതിർപ്പിന്റെ, ക്ഷമയുടെ, നേട്ടത്തിന്റെ കഥ.
പണ്ട് പണ്ട് പണ്ട് !
ബസുകളുടേയും കാറുകളുടേയും മിനിയേച്ചറുകളുടെ പ്രവാഹമായിരുന്നു ലോക്ക്ഡൗണിൽ. ഈ കാലത്ത് നിരവധിപ്പേർ ഈ രംഗത്ത് ശ്രദ്ധനേടുകയും ചെയ്തു. എന്നാൽ അഞ്ച് വർഷം മുൻപേ മിനിയേച്ചറുകളുടെ ലോകത്ത് ചുവട് ഉറപ്പിച്ചയാളാണ് ഷാരോൺ. ബൈക്കുകളോടുള്ള പ്രണയമായിരുന്നു ഈ മേഖലയിലേക്ക് വഴിതുറന്നത്. അമേരിക്കൻ സൂപ്പർ ബൈക്കാണ് ആദ്യം കൈപ്പണിയിൽ വിരിഞ്ഞത്. പിന്നീട് അങ്ങോട്ടുള്ള നാളുകളിൽ ഇന്ത്യൻ നിരത്തുകളിൽ തിളങ്ങിയ ബൈക്കുകളെല്ലാം ഷാരോൺ നിർമ്മിച്ചു. ബജാജ് ചേതക്ക് വരെ !
ഒരു ബൈക്ക് പ്രേമി
ഒരു ബൈക്കിന്റെ മിനിയേച്ചർ നിർമ്മിക്കാൻ രണ്ടാഴ്ചയോളമെടുക്കും. ക്ലാസുള്ള ദിവസങ്ങളിൽ ശനി,ഞായർ ദിവസങ്ങളിലാണ് പണിപ്പുര തുറക്കുക. മണിക്കൂറോളം നീളും ജോലികൾ. ഇങ്ങനെ ഇരിപ്പ് തുടങ്ങിയപ്പോൾ അച്ഛനും അമ്മയും കട്ടയ്ക്ക് എതിർക്കാൻ തുടങ്ങി. എന്നാൽ ഷാരോൺ ബൈക്കുകളുടെ ലോകത്ത് തന്നെ ഇരിപ്പുറപ്പിച്ചു. ന്യൂനതകളിയില്ലാത്ത ബൈക്കുകളിലെ നിർമ്മാണം ശ്രദ്ധിക്കാൻ തുടങ്ങിയതോടെ വീട്ടുകാരിൽ നിന്നുള്ള എതിർപ്പുകളെല്ലാം പമ്പകടന്നു. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്ന ബൈക്കുകൾ മാത്രമാണ് ഷാരോൺ നിർമ്മിച്ചത്. ലോക്ക്ഡൗണിലാണ് കൂടുതൽ ബൈക്കുകൾ ശേഖരത്തിലേക്ക് എത്തിയത്.
കല്യാണക്കുറികളിൽ കരവിരുത്
കല്ല്യാണക്കുറികളിൽ നിന്നാണ് സൂപ്പർ ബൈക്കുകളടക്കം ഷോരോൺ നിർമ്മിക്കുന്നത്. കൊവിഡിനെ തുടർന്ന് കല്യാണക്കുറി കിട്ടാതെയായി. ഇത് കുട്ടിബൈക്ക് നിർമ്മാണത്തെ തടസപ്പെടുത്തി. എന്നാൽ തോൽക്കാൻ ഷാരോൺ തയ്യാറായില്ല. സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽവാസികൾ അങ്ങിനെ കിട്ടിവുന്നിടത്ത് നിന്നെല്ലാം കല്യാണക്കുറി ഒപ്പിച്ചു. പേപ്പറിലാണ് ഇപ്പോൾ ബൈക്കുകൾ തീർക്കുന്നത്. വിദേശത്ത് നിന്നടക്കം ഓർഡറുകൾ എത്തിത്തുടങ്ങിയതായും നിരവധി ബൈക്കുകൾ ഇതിനകം വിറ്റുപോയതായും ഷാരോൺ പറഞ്ഞു. ജോലി ലഭിച്ചാലും ബൈക്കുകളുടെ നിർമ്മാണം നിർത്തില്ലെന്ന് ഷാരോൺ പറഞ്ഞു. മൈക്കിൾ-ലിസി എന്നിവരാണ് മാതാപിതാക്കൾ. സഹോദരി ഷാലിമ.
ശേഖരത്തിലെ പ്രധാന ബൈക്കുൾ
ഡ്യുക്കാട്ടി
ഡ്യൂക്ക്
നിഞ്ച
എൻഫീൾഡ് ( എല്ലാ മോഡലും )
ഹാർളി ഡേവിഡ്സൺ