കൊച്ചി : തേവര ഭാഗത്തെ പേരണ്ടൂർ കനാൽ ശക്തിപ്പെടുത്താനായി പില്ലറുകളും സ്ളാബുകളും സ്ഥാപിക്കുന്ന ജോലികൾ നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നിറുത്തിവെക്കേണ്ടി വന്നെന്ന് നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശി കെ.ജെ. ട്രീസ നൽകിയ ഹർജിയിലാണ് കൊച്ചി നഗരസഭ ഇതു വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്.

പേരണ്ടൂർ കനാലിന്റെ തേവര മൗത്ത് മുതൽ പേരണ്ടൂർ കനാൽവരെയുള്ള ഒരു കിലോമീറ്റർ ഭാഗത്താണ് ഇരു വശങ്ങളിലും പില്ലറുകളും സ്ളാബും സ്ഥാപിച്ചു സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. തേവര പാലം മുതൽ കോന്തുരുത്തിപ്പുഴ വരെയുള്ള തെക്കു ഭാഗത്ത് 60 മീറ്റർ പണി പൂർത്തിയാക്കി. തേവര പാലത്തിന്റെ വടക്കു കിഴക്കു ഭാഗത്ത് പൈലിംഗ് ജോലികൾ തുടങ്ങിയപ്പോൾ റോഡിൽ വിള്ളലുകളുണ്ടായി. സമീപത്തെ വീടുകളെ പൈലിംഗ് ജോലികൾ പ്രതികൂലമായി ബാധിക്കുമെന്നാരോപിച്ച് നാട്ടുകാരും കൗൺസിലറും ഇടപെട്ടതോടെ പ്രവൃത്തികൾ നിറുത്തി വച്ചു. ഇലഞ്ഞേരി റോഡിലും ഇന്ദിരാ നഗറിലുമായുള്ള കലുങ്കുകൾ താഴ്ന്ന നിലയിലാണ്. പൊന്നോത്തു ചാലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇത്തവണയും ടെണ്ടർ നടപടി സ്വീകരിച്ചു. ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി പൂർത്തിയാക്കാൻ 4.88 കോടി രൂപ ജനറൽ പ്ളാൻ ഫണ്ടിൽ നിന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകുന്നതിന് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. ഇതിനായി നിലവിലുള്ള പദ്ധതികൾ ഭേദഗതി ചെയ്യുന്നതിന് സോഫ്ട്‌വെയറിൽ മാറ്റം വരുത്താൻ അനുമതി തേടി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് ചെയർമാന് മേയർ കത്തു നൽകി.