festival

കൊച്ചി: പരമ്പരാഗത നാടോടി അനുഷ്ഠാനകലകൾ അന്യം നിന്നു പോകാതിരിക്കാൻ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉത്സവം 13-ാം പതിപ്പിന് ഇന്ന് തുടക്കം കുറിക്കും.ആറ് ദിവസങ്ങളിലായി സംസ്ഥാനമൊട്ടാകെ 31 വേദികളിലാണ് നാടൻകലകൾ അരങ്ങേറുന്നത്. കൊച്ചി ഉത്സവം ഉദ്ഘാടനം കെ.ജി മാക്സി എം.എൽ.എ നിർവഹിക്കും. ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിലും ദർബാർ ഹാൾ മെെതാനത്തുമാണ് ഇക്കുറി പരിപാടികൾ. കൊവിഡ് മാനദണ്ഡപ്രകാരം ഓപ്പൺ വേദിയിൽ 200 പേർക്കാണ് പ്രവേശനം.

തെയ്യം, പടയണി, പഞ്ചാരിമേളം, കണിയാർക്കളി, തോൽപാവക്കൂത്ത്, അർജുന നൃത്തം, ചവിട്ടുനാടകം, ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, കുത്തിയോട്ടം, തിരയാട്ടം തുടങ്ങി നാടൻ കലാരൂപങ്ങൾ, ക്ഷേത്രകലകൾ, അനുഷ്ഠാനകലകൾ എന്നിങ്ങനെ ഒട്ടുമിക്ക കലാരൂപങ്ങളും അരങ്ങേറും.

ഒരു ദിവസം, രണ്ട് കലാരൂപം

വെെകീട്ട് ആറ് മുതൽ 8.30 വരെയാണ് പരിപാടി ദിവസം രണ്ടു കലാരൂപമാണ് അരങ്ങേറുക. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രവേശനം സൗജന്യം.

കലാകാരന്മാർക്ക് സാമ്പത്തികമായും ഉന്നമനമുണ്ടാകാൻ സഹായമാകും. അവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള ഒരു വേദി കൂടിയായിരിക്കും ഉത്സവം.

വിജയകുമാർ

സെക്രട്ടറി, ഡി.ടി.പി.സി