കൊച്ചി : ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കും. കേസിൽ മൂന്നാം പ്രതിയായ പൂജാരി നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലാണ്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് സംഘം ബംഗളൂരുവിലെത്തി അറസ്റ്റ് രേഖപ്പെടുത്തി.

തുടർ നടപടികൾക്ക് അനുമതി ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ അനുകൂല ഉത്തരവുണ്ടായതോടെയാണ് നടപടികൾ. രേഖകൾ ഇന്ന് എറണാകുളം എ.സി.ജെ.എം കോടതിയിൽ സമർപ്പിക്കും.പ്രൊഡക്ഷൻ വാറണ്ട് പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടിന് കൈമാറുകയും. ബംഗളൂരു പൊലീസിന്റെ നേതൃത്വത്തിലാകും പൂജാരിയെ കൊച്ചിയിലെ കോടതിയിൽ എത്തിക്കുക.

ഇയാളെ കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് തീരുമാനം. അനുമതി ലഭിച്ചാൽ ശബ്ദസാമ്പിളായിരിക്കും ആദ്യം രേഖപ്പെടുത്തുക. പരാതിക്കാരിയെ ഇയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. വെടുതിയുതിർക്കാൻ കൈമാറിയ തോക്ക് സംബന്ധിച്ചും വിദേശത്ത് കടന്ന പ്രതികളുമായുള്ള ബന്ധവുമടക്കം കേസിലെ കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ പുറത്ത് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ക്രൈംബ്രാഞ്ച് കണക്കുകൂട്ടൽ. വിദേശത്തേക്ക് കടന്ന മോനായിയേയും അജാസിനെയും നാട്ടിലെത്തിക്കാനുള്ള നീക്കവും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

2018 ഡിസംബർ 15നാണ് പനമ്പിള്ളി നഗറിൽ നടി ലീന മരിയ പോൾ നടത്തുന്ന 'നെയിൽ ആർട്ടിസ്ട്രി' എന്ന ബ്യൂട്ടി പാർലറിനു നേരെ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക്ക് വെടിവച്ചത്. നാല് ദിവസം കഴിഞ്ഞ് രവി പൂജാരി ഒരു വാർത്താ ചാനലിൽ വിളിച്ച് തന്റെ അറിവോടെയാണ് ആക്രമണം എന്ന് അറിയിച്ചിരുന്നു.

വെടിവയ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുൻപ് ലീന മരിയ പോളിനെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടു. വെടി വയ്പ്പ് നടത്തിയവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് 2019 ജനുവരി 5ന് സെനഗളിൽ നിന്ന് രവി പൂജാരിയെ കസ്റ്റഡിയിൽ എടുത്തു. ഗോവ, കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുളളവർക്ക് കേസുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.