
കൊച്ചി: അറ്റൻഷൻ പ്ളീസ്, സീ യു സൂൺ, വാങ്ക്, ബിരിയാണി എന്നിവയാണ് ഇന്നലെ മേളയിൽ പ്രദർശിപ്പിച്ച മറ്റു മലയാള ചിത്രങ്ങൾ.
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡു നേടിയ ബിരിയാണി എന്ന ചിത്രത്തിന് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിലെ ജാതി വ്യവസ്ഥ സ്വപ്നങ്ങൾക്ക് എങ്ങനെ പ്രതിബന്ധമാകുന്നുവെന്നാണ് അറ്റൻഷൻ പ്ളീസ് എന്ന സിനിമ ചർച്ച ചെയ്യുന്നത്.മെമ്മറി ഹൗസ്, ദെയർ ഇൗസ് നോ ഇൗവിൾ, ക്രോണിക്കിൾ ഒഫ് സ്പേസ്, ലോൺലി റോക്ക് തുടങ്ങിയ മത്സര ചിത്രങ്ങളും ഇന്നലെ മേളയിൽ പ്രദർശിപ്പിച്ചു.
കാടിനും കാടിന്റെ മക്കൾക്കുമെതിരെ നാട് നടത്തുന്ന നീതി നിഷേധങ്ങളുടെ കഥ പറയുകയാണ് മോഹിത് പ്രിയദർശി സംവിധാനം ചെയ്ത 'കോസ' എന്ന ചിത്രം. കരീന ജഗത്, കുനൽ ഭാംഗേ, മോന വഗ്മാരെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രാജ്യാന്തര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. വികസനത്തിന്റെ മറവിലും തീവ്രവാദത്തിന്റെ പേരിലും നടക്കുന്ന മനുഷ്യത്വലംഘനത്തിന്റെ രൂപമാണ് സംവിധായകൻ അവതരിപ്പിക്കുന്നത്.
ഹാസ്യത്തിനു കൈയടി
മേളയുടെ മൂന്നാം ദിനമായ ഇന്നലെ ഏറെ ചർച്ചയായത് ജയാരജ് സംവിധാനം ചെയ്ത ഹാസ്യമെന്ന ചിത്രമാണ്. മത്സര ചിത്രങ്ങളുടെ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഹാസ്യമെന്ന ചിത്രം തിരുവനന്തപുരം എഡിഷനിലും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകൾക്ക് എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരന്റെ കഥയാണ് ഹാസ്യം പങ്കുവെക്കുന്നത്. അവതരത്തിലെ പുതുമ കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തതയുമാണ് ചിത്രത്തെ മികച്ചതാക്കിയത്.