കൊച്ചി: തെക്കൻ മാലിപ്പുറത്ത് ലഭിക്കുന്നത് മലിനജലമെന്ന് പരാതി. നാല് ദിവസത്തിനുശേഷം ലഭിച്ച വെള്ളത്തിന് കറുത്തനിറവും രൂക്ഷമായ ദുർഗന്ധവുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി മൂലം വെെദ്യുതി മുടങ്ങിയതിനാൽ പമ്പിംഗ് നടക്കാതിരുന്നതിനാലാണ് പ്രദേശത്ത് കുടിവെള്ളമെത്താതിരുന്നത്. എന്നാൽ കുടിവെള്ളം മുടങ്ങുന്നത് സ്ഥിരം അവസ്ഥയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്ത് മറ്റു കുടിവെള്ള സ്രോതസുകൾ ഇല്ലാത്തതിനാൽ നാട്ടുകാർ നട്ടംതിരിയുകയാണ്. മാത്രമല്ല, ടോയ്‌ലറ്റ് മാലിന്യങ്ങൾ അടക്കമുള്ളവ കെട്ടികിടക്കുന്ന തോട്ടിലൂടെയാണ് പെെപ്പ്ലെെൻ സ്ഥാപിച്ചിരിക്കുന്നത്.