
കൊച്ചി : വെച്ചൂച്ചിറ സ്വദേശി ജെസ്‌ന മരിയയെ കാണാതായ കേസിൽ അന്വേഷണം ഹൈക്കോടതി സി.ബി.ഐക്കു കൈമാറി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജെയ്സ് ജോൺ, കെ.എസ്.യു നേതാവ് കെ.എം. അഭിജിത്ത് എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജെസ്‌നയെ 2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കുന്നത്തു വീട്ടിൽ നിന്ന് കാണാതായത്.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ, അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ അറിയിച്ചു. ഗൗരവമേറിയതും സങ്കീർണവുമായ കേസാണിതെന്ന് മനസിലാകുന്നെന്നും അന്തർസംസ്ഥാന ബന്ധമുള്ളതാണെന്നും സി.ബി.ഐക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വിജയകുമാർ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ താമസം, യാത്ര തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിനോടു നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതനുസരിച്ച് സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിനോടു കോടതി നിർദ്ദേശിച്ചു. സി.ബി.ഐ യുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.
ജെസ്‌ന എവിടെ?
കാണാതായ ദിവസം എരുമേലിയിൽ നിന്ന് മുണ്ടക്കയത്തേക്ക് പോയ ശിവഗംഗ ബസിൽ ജെസ്‌നയെ കണ്ടവരുണ്ട്. മുണ്ടക്കയത്തെ ചില സി.സി.ടി.വി ക്യാമറകളിൽ നിന്ന് ജെസ്‌നയുടെ ദൃശ്യവും ലഭിച്ചിരുന്നു. ഇതിനുശേഷം വിവരങ്ങളൊന്നും ഇല്ലെന്നാണ് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചത്. ജെസ്‌ന പോകാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും മാനസിക വിഷമങ്ങൾക്ക് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. മരിക്കാൻ പോവുകയാണെന്ന് ജെസ്ന മെസേജ് അയച്ചതായി എബിൻ ജേക്കബ് എന്നൊരാൾ മൊഴി നൽകിയിരുന്നു. ഇൗ മൊബൈൽ സന്ദേശവും കണ്ടെടുക്കാനായില്ല. അന്വേഷണത്തിന് ആറു മാസം കൂടി ക്രൈംബ്രാഞ്ച് തേടിയിരുന്നു.