textiles

കൊച്ചി: കൊവിഡ് മൂലം ഒട്ടേറെ വ്യവസായ വാണിജ്യ മേഖലകൾ തകർന്നടിഞ്ഞെങ്കിലും കേരളത്തിലെ വസ്ത്രവിപണിയിൽനിന്ന് കേൾക്കുന്നത് ശുഭവാർത്തകൾ. ക്രിസ്മസ് വിപണിക്ക് പിന്നാലെ വിവാഹ, ഇതരചടങ്ങുകൾ ഒക്കെ ആളുകൾ നടത്തിത്തുടങ്ങിയതോടെയാണ് വസ്ത്രമേഖലയിൽ ഉണർവ് പ്രകടമായിത്തുടങ്ങിയത്. കൊച്ചി ഉൾപ്പടെയുള്ള കേരളത്തിലെ നഗരങ്ങളിൽ വിൽപന വർദ്ധിച്ചതോടെ ഗുരുഗ്രാം, ഡൽഹി , ഗുജറാത്ത് , മഹാരാഷ്ട്ര കേന്ദ്രമാക്കിയുള്ള വസ്ത്ര നിർമ്മാണ ഫാക്ടറികളും ഉത്പാദനം വർദ്ധിപ്പിച്ചു. വൻകിട കച്ചവടക്കാർക്ക് പുറമെ ചെറുകിട വസ്ത്രവ്യാപാരികളും പ്രതീക്ഷയിലാണ്.

പോക്കറ്റ് മുസല്ല

മാസ്ക് വിപണി പോലെ പുതുതായി വളർന്നു വന്ന മറ്റൊരു നല്ല ബിസിനസാണ് പോക്കറ്റ് മുസല്ല. പള്ളിയിൽ നിസ്കരിക്കാൻ പോകുന്നവർ അവരവർക്ക് തറയിൽ വിരിക്കാനുള്ള മുസല്ല കൂടി കൊണ്ടു പോകണമെന്നാണ് നിലവിലെ സുരക്ഷാ വ്യവസ്ഥ. ഒരാൾ ഉപയോഗിച്ചത് മറ്റൊരാൾ ഉപയോഗിച്ചാൽ രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്താണിത്. സൗകര്യപ്രദമായി ചുരുട്ടി മടക്കികൊണ്ടു പോകുവാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

നിർമ്മാണമേഖല കിതപ്പിൽതന്നെ

കൊവിഡ് ആഘാതം ഏറ്റവും അധികം നേരിട്ട മേഖലകളിലൊന്നാണ് നിർമ്മാണമേഖല. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ മുൻ വർഷങ്ങളിൽ നടന്നതിന്റെ പത്തിലൊന്നു പോലും ഇല്ലെന്നതാണ് അവസ്ഥ. ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണങ്ങളും നിലച്ചു. കമ്പി, സിമന്റ് ,ക്വാറിയുല്പന്നങ്ങൾ എന്നിവയുടെ വില വർദ്ധനവും കൊവിഡിൽ ദുർബലമായ ഈ മേഖലയിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല, വീടുപണികളും മറ്റും പലരും പിന്നത്തേക്ക് മാറ്റുകയുമാണ്.