
കൊച്ചി : പരിസ്ഥിതി സൗഹൃദവും മണ്ണിലലിയുന്നതുമായ കമ്പോസ്റ്റബിൾ പ്ളാസ്‌റ്റിക് കാരിബാഗുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കി. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന പ്ളാസ്റ്റിക് കാരിബാഗുകൾക്കൊപ്പം ഇവയ്ക്കും വിലക്കേർപ്പെടുത്തിയതു ചോദ്യം ചെയ്ത് കൊച്ചിയിലെ ഗ്രീൻ എർത്ത് സൊല്യൂഷൻസ് ഉടമ ഡോ. വസുന്ധര മേനോൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ വിധി.
മണ്ണിലലിയുന്ന തരം ബാഗുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതോതിൽ സാധാരണ പ്ളാസ്റ്റിക് കാരിബാഗുകൾ വിപണിയിലെത്തിയപ്പോഴാണ് കമ്പോസ്റ്റബിൾ ബാഗുകളും നിരോധിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന ബാഗുകൾ വൻതോതിൽ ഇറങ്ങിയെന്ന് പറയുമ്പോഴും ഇതിന്റെ കണക്കുകളോ രേഖകളോ ഹാജരാക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്നും കണക്കുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ സർക്കാരിന് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.