വൈപ്പിൻ : വൈപ്പിൻ മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളിലെ റസിഡന്റ്‌സ് അസോസിയേഷനുകൾക്കായി 15.25 ലക്ഷം രൂപയുടെ അവാർഡുകൾക്ക് രൂപം നൽകി. ഓരോ പഞ്ചായത്തുകളിൽ നിന്നും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മൂന്ന് അസോസിയേഷനുകളെ വീതം കണ്ടെത്തും. ഇങ്ങനെയുള്ള 24 അസോസിയേഷനുകളിൽ ഏറ്റവും മികച്ചവയ്ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 5ലക്ഷം, 3 ലക്ഷം, 2 ലക്ഷം രൂപയും ബാക്കി 21 റസിഡന്റ്‌സുകൾക്ക് 25000രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നല്കും.
സാധന സാമഗ്രികളായോ സ്ഥാവര വസ്തുക്കളായോ ആയിരിക്കും അവാർഡുകൾ നൽകുക. എം.എൽ.എ ഫണ്ടിൽ നിന്നാണ് തുക കണ്ടെത്തുക. എല്ലാ വർഷവും മികച്ച അസോസിയേഷനുകളെ കണ്ടെത്തി അവാർഡുകൾ നല്കും. ഓരോ പഞ്ചായത്തിലേയും അപെ്ക്‌സ് കൗൺസിലുകളും മണ്ഡലാടിസ്ഥാനത്തിലുള്ള ഫെഡറേഷനും (ഫ്രാഗ്) കൂടിയാണ് അർഹരായ അസോസിയേഷനുകളെ കണ്ടെത്തുന്നത്. എസ്. ശർമ്മ എം.എൽ.എയും ഫ്രാഗും കൂടി ചർച്ച ചെയ്താണ് അവാർഡ് പദ്ധതിയ്ക്ക് രൂപം നൽകിയത്. എസ്. ശർമ്മ എം.എൽ.എ. ഫ്രാഗ് ഭാരവാഹികളായ അനിൽപ്ലാവിയൻസ്, വി.പി. സാബു, കെ. ചന്ദ്രശേഖരൻ, കെ.കെ. അബ്ദുൾ റഹിമാൻ, വി.പി.ജെ. ജോസ്, ഡി. രാമകൃഷ്ണപിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.