palam
നിർമ്മാണം തുടങ്ങിയ കോരൻ കടവ് പാലം

കോലഞ്ചേരി: കോരൻകടവ് പാലത്തിന് വീണ്ടും 'പാലം' വലിക്കുന്നുവോ ? നിർമ്മാണം അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ അപ്രോച്ച് റോഡിനായി സ്ഥലമേറ്റെ‌ടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മേഖലയിലെ 13 സ്വകാര്യ വ്യക്തികളുടെ സഥലമേറ്റെടുത്താലാണ് അപ്രോച്ച് റോഡ് പൂർണമായും നിർമ്മിക്കാൻ കഴിയൂ. ഇതിൽ കരഭൂമിയുള്ള ഒമ്പതു പേരുടെ ഭൂമി ഏറ്റെടുത്ത് പണം നല്കിയപ്പോൾ ഒരാളുടെ നാലര സെന്റ് ഭൂമിയുടെ രണ്ടര സെന്റ് മാത്രമാണ് ഏറ്റെടുത്തത്. റോഡിന്റെ തുടക്കത്തിലുള്ള ഭൂമി ഇദ്ദേഹത്തിന്റെതാണ്. സ്ഥലം വിട്ടു നല്കാൻ തയ്യാറായിട്ടും ഏറ്റെടുത്ത റവന്യൂ വകുപ്പിന് പറ്റിയ കൈപ്പിഴയാണ് ഭൂമി ഏറ്റെടുക്കാൻ കഴിയാതെ പോയതെന്ന് കോരൻ കടവ് പാലം നിർമ്മാണ ആക്ഷൻ കമ്മിറ്റി ചെയർമാൻ സി.കെ.തോമസ് പറഞ്ഞു. ഏറ്റെടുക്കാനുള്ള നാലു പേരുടെ ഭൂമി നിലമാണ് അത് കാർഷീക വകുപ്പ് പരിവർത്തന സർട്ടിഫിക്കറ്റ് നല്കി നിലം പുടയിടമാക്കണം വകുപ്പുകൾ തമ്മിലുള്ള ശീത സമരത്തിൽ അതും നടന്നിട്ടില്ല. നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ സ്ഥലം ഏറ്റെടുത്തേ മതിയാകൂ. ആദ്യ സ്പാൻ കോൺക്രീറ്റ് കഴിഞ്ഞു. അടുത്ത സ്പാൻ ചെയ്യണമെങ്കിൽ മെഷിനറികൾ പാലത്തിന്റെ മുകളിൽ എത്തിക്കണം.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളി കോരൻ കടവ് പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ചത്.

2010 ൽ അന്നത്തെ എം.എൽ.എ എം.എം.മോനായിയുടെ ശ്രമഫലമായാണ് പാലം നിർമ്മാണമാരംഭിച്ചത്.

അഞ്ചു സ്പാനുകളുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം അപ്രോച്ച് റോഡിന് സ്ഥലം ഏ​റ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2012 ഏപ്രിലിൽ നിർമാണം നിർത്തിവച്ചു.138 മീ​റ്റർ നീളത്തിൽ 13.5 മീ​റ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്.പാലത്തിനു വേണ്ട ഏഴ് സ്പാനുകളിൽ അഞ്ച് എണ്ണത്തിന്റേയും നിർമ്മാണം പൂർത്തിയാക്കിയെങ്കിലും സ്ഥലം ഏ​റ്റെടുക്കാത്തത് മൂലം ബാക്കിയുള്ള രണ്ടെണ്ണിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.

പാലത്തിന് 14.3 കോടി രൂപയുടെ ഭരണാനുമതി

ഏഴ് വർഷത്തോളമായി നിലച്ച നിർമ്മാണമാണ് പുനരാരംഭിച്ചത്.കറുകപ്പിള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ളവരുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാൻ പദ്ധതി പൂർത്തിയാകുന്നതോടെ കഴിയും.

കുന്നത്തുനാട് പിറവം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന് 14.3 കോടി രൂപയുടെ ഭരണാനുമതി എൽ.ഡി.എഫ് സർക്കാർ നല്കി.കുന്നത്തുനാട് പിറവം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാ​റ്റു പുഴയാറിന് കുറുകെയാണ് പാലം.