
കൊച്ചി : കള്ളവോട്ടിന് ആഹ്വാനം നൽകിയെന്നാരോപിച്ച് കോൺഗ്രസ് എം.പി കെ. സുധാകരനെതിരെ കാസർകോട് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടി ഹൈക്കോടതി റദ്ദാക്കി.
2016ൽ ഉദുമ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബ യോഗത്തിൽ, മരിച്ചവരുടെയും വിദേശത്തു ജോലി നോക്കുന്നവരുടെയും പേരിൽ കള്ളവോട്ടു ചെയ്യാൻ കെ. സുധാകരൻ ആഹ്വാനം ചെയ്തെന്നായിരുന്നു കേസ്. എതിർ സ്ഥാനാർത്ഥി കെ. കുഞ്ഞിരാമനാണ് പരാതി നൽകിയത്. കേസിന്റെ തുടർ നടപടികൾ റദ്ദാക്കാനാണ് കെ. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റം ചെയ്തതായി തെളിവില്ലെന്നും പ്രോസിക്യൂഷൻ നടപടിയിൽ വീഴ്ചയുണ്ടെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.