മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ വാർഷികപദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതായി നഗരസഭാ ചെയർമാൻ പി.പി എൽദോസ് അറിയിച്ചു. ഇന്നെലെ കാക്കനാട് ജില്ലാ കലക്ടറേറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , കളക്ടർ എസ്. സുഹാസ് ,ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാ ആസൂത്രണസമിതി യോഗത്തിലാണ് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത്. ജില്ലയിൽ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന ആദ്യ നഗരസഭയാണ് മൂവാറ്റുപുഴ. നേരത്തെ വർക്കിംഗ് ഗ്രൂപ്പുകൾ ചർച്ച ചെയ്ത് സമർപ്പിച്ച പദ്ധതികൾക്ക് വികസനസെമിനാറും കൗൺസിൽ യോഗവും അംഗീകാരം നൽകിയിരുന്നു.
പച്ചക്കറി കൃഷി വികസനം ലക്ഷ്യമിട്ട് ഗ്രോ ബാഗ് ,ജൈവ കീടനാശിനി ,പച്ചക്കറിത്തൈ എന്നിവയുടെ വിതരണം നടത്തും. പുരയിട ,ജാതി ,ഇടവിള കൃഷികളുടെ പ്രോത്സാഹനം ,ഫലവൃക്ഷത്തൈ വിതരണം തുടങ്ങിയവ കാർഷിക അനുബന്ധ മേഖലകളിൽ നടപ്പാക്കും. പശു വളർത്തൽ,കറവപ്പശുക്കൾക്ക് കാലിത്തീറ്റ ,ആട് വളർത്തൽ ,മൃഗാശുപത്രികൾക്ക് മരുന്ന് ,കോഴി ,കറവപ്പശുവളർത്തൽ ,അനിമൽ ബർത്ത് കൺട്രോൾ എന്നിവ മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കും . അഗതി ,ആശ്രയ ,വയോമിത്രം , ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ ,അങ്കണവാടികൾക്ക് സ്ഥലം വാങ്ങൽ, പൊതു ഇടങ്ങളിൽ ശുചിമുറി നിർമാണം ,ഭിന്നശേഷി സ്കോളർഷിപ്, കിടപ്പുരോഗികൾക്ക് ഓക്സിജൻ എന്നിവയ്ക്കും പദ്ധതിയിൽ തുക നീക്കിവച്ചിട്ടുണ്ട് ,പട്ടിക ജാതി -വർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ,പഠനമുറി നിർമാണം എന്നീ പദ്ധതികളും നടപ്പാക്കും .വീടുകളുടെ വയറിംഗ് ,അറ്റകുറ്റപണികൾ, ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് എന്നിവയ്ക്കായി തുക നീക്കിവച്ചിട്ടുണ്ട് .