കൊച്ചി : ഏഴാമത് സാമ്പത്തിക സെൻസസിന്റെ സമയപരിധി മാർച്ച് 31 വരെ നീട്ടി. രാജ്യത്തിന്റെ പുരോഗതിക്കായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയുള്ള വിവര ശേഖരണത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും അഭ്യൂഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുതെന്നും ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ നിർദ്ദേശിച്ചു. കേന്ദ്ര സ്ഥിതിവിവര പദ്ധതി നിർഹണ മന്ത്രാലയത്തിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് സർവ്വേ നടത്തുന്നത്. ഇഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ് എന്ന ഏജൻസിയുടെ കീഴിലുള്ള കോമൺ സർവീസസ് സെന്ററുകളെയാണ് ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുള്ളത്. ഇക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാരും എൻ.എസ്.ഒയിലെ ഉദ്യോഗസ്ഥരും ഫീൽഡ്തല സൂപ്പർവൈസർമാരായി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലകളിൽ കളക്ടർമാരും അദ്ധ്യക്ഷരായുള്ള കമ്മിറ്റികൾക്കാണ് സർവ്വേയുടെ മേൽനോട്ടചുമതല.