നെടുമ്പാശേരി: തട്ടേക്കാട് ബോട്ടപകടത്തിന് ഇന്ന് 14 വയസ്. എളവൂർ സെന്റ് ആന്റണീസ് യു.പി സ്‌ക്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപികമാരും ഒരു ജീവനക്കാരിയുമാണ് ദുരന്തത്തിൽ മരിച്ചത്. ഇന്നും എളവൂർ നിവാസികൾക്ക് തട്ടേക്കാട് ബോട്ട് ദുരന്തം നടുക്കുന്ന ഓർമ്മയാണ്.

2007 ഫെബ്രുവരി 20ന് വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വിദ്യാർത്ഥികളിൽ ആറ് പെൺകുട്ടികളും ഒൻപത് ആൺകുട്ടികളുമായിരുന്നു. സംഭവദിവസം രാവിലെ രണ്ട് ബസുകളിലായിട്ടാണ് വിനോദയാത്രാസംഘം സ്കൂളിൽ നിന്നും യാത്ര തിരിച്ചത്. അങ്കമാലി സെന്റ് ജോർജ് ബസലിക്കയാണ് ആദ്യം സന്ദർശിച്ചത്. തുടർന്ന് കോടനാട് ആന വളർത്തൽ കേന്ദ്രം, ഇരിങ്ങോൾക്കാവ് എന്നിവിടങ്ങൾ സന്ദർശിച്ച് ഭൂതത്താൻകെട്ടിലെത്തി. വൈകിട്ടാണ് തട്ടേക്കാട്ടിലെത്തിയത്. പക്ഷിസങ്കേതം സന്ദർശിച്ച ശേഷം മൂന്ന് ബോട്ടുകളിലായി മടങ്ങുമ്പോഴാണ് ഏറ്റവും പിന്നിലായി സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടത്. ആദ്യ രണ്ട് ബോട്ടുകളും സുരക്ഷിതമായി തിരിച്ചെത്തി. പിന്നിലായിരുന്ന ബോട്ടിലേക്ക് അടി ഭാഗത്തെ ദ്വാരത്തിലൂടെ വെള്ളം കയറുകയായിരുന്നു.

വെള്ളം കോരി പുറത്തേയ്ക്ക് കളയുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബോട്ട് കരയിലേക്ക് എത്തുംമുമ്പേ വെള്ളം നിറഞ്ഞ് ബോട്ട് മുങ്ങി. പിന്നീട് ബോട്ട് തലകീഴായി മറിഞ്ഞു. നീന്തൽ അറിയാവുന്ന അദ്ധ്യാപകർ ബോട്ടിൽ ഉണ്ടായിരുന്ന 40 ഓളം കുട്ടികളെ രക്ഷിച്ചു. ദുരന്തം നടന്ന ഫെബ്രുവരി 20ന് എല്ലാവർഷവും എളവൂർ കുന്നേൽ സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ കുർബാനയും പ്രാർത്ഥനയും നടക്കുന്നുണ്ട്.

അപകടത്തിൽപ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് അപകടശേഷം വ്യക്തമായിരുന്നു.