 
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന വല്ലം- പാണം കുഴി റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും സംയുക്ത യോഗം എം.എൽ.എ. ഓഫീസിൽ എൽദോസ് കുന്നപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാൻ എം.എൽ.എ. ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദ്ദേശം നൽകി. യോഗത്തിൽ കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനു അബീഷ് , പഞ്ചായത്തംഗങ്ങളായ മായ കൃഷ്ണകുമാർ, സാംസൺ ജേക്കബ്, സിനി എൽദോ , വേങ്ങൂർ ഗ്രാമ പഞ്ചായത്തംഗം ആൻസി ജോബി, ശാരിക , ഓവർസീയർ നസീം, കൺസ്ട്രക്ഷൻ കമ്പനി മാനേജർ മനോജ് എന്നിവർ പങ്കെടുത്തു.
പുരോഗതി വിലയിരുത്താൻ ജനപ്രതിനിധികൾ
6 കോടി രൂപ നിർമ്മാണ ചെലവ് വകയിരുത്തിയാണ് റോഡ് ഉന്നത നിലവാരത്തിൽ പണിയുന്നത്. നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ട് മൂന്ന് മാസമായി. ഇതിനിടെ 8 കലുങ്കുകളുടെ നിർമ്മാണം നടക്കുന്നതായും, കാനകൾ, പാർശ്വഭിത്തികൾ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. വീതി കുറഞ്ഞ ഭാഗം അളന്ന് തിട്ടപ്പെടുത്തി ലഭ്യമാകുന്നതോടെ വീതി കുറഞ്ഞ സ്ഥലങ്ങളിൽ റോഡിന് വീതിയാകും. ഇതിനുള്ള തുടർ നടപടികൾക്ക് അതാത് പ്രദേശത്തെ ജനപ്രതിനിധികൾക്ക് ചുമതല നൽകി. റോഡ് നിർമ്മാണ ഘട്ടത്തിലെ പുരോഗതിയും ഇവർ വിലയിരുത്തും.