
കളമശേരി: സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സ്കൂൾ ഒഫ് ഫൊറൻസിക് സയൻസ് ഉൾപ്പടെ പത്ത് കോഴ്സുകൾക്കും രണ്ട് സെന്ററുകൾക്കും തുക വകയിരുത്തി കുസാറ്റ് ബഡ്ജറ്റ്.
ഗവേഷണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ബഡ്ജറ്റിൽ പുതിയ രണ്ട് സെന്ററുകൾ അടുത്ത സാമ്പത്തിക വർഷം തന്നെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വൈസ്ചാൻസലർ ഡോ. കെ. എൻ മധുസൂദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിലാണ് ഈ തീരുമാനം. ഫിനാൻസ് ആൻഡ് പർച്ചേസ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ ഡോ. ആർ. ശശിധരൻ അവതരിപ്പിച്ച ബഡ്ജറ്റിൽ 312 കോടി രൂപ വരവും 372 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്നു.
ഹെൽത്ത് സെന്റർ നവീകരണം, 1.3 കോടി രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, 40 ലക്ഷം രൂപയുടെ സീഡ് മണി ന്യൂ ഇൻഷിയേറ്റീവ്, 35 ലക്ഷം രൂപയുടെ സേഫ്റ്റി ഓഡിറ്റ്, എനർജി ഓഡിറ്റ് ഗ്രീൻ പ്രോട്ടോകോൾ തുടങ്ങിയവയ്ക്ക് പുറമെ മാലിന്യ സംസ്‌കരണം, മഴവെള്ള സംഭരണം എന്നിവയ്ക്കായി 20 ലക്ഷം രൂപയുടെ പദ്ധതിയും ബഡ്ജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഗവേഷണത്തിനും ഫെലോഷിപ്പിനുമുള്ള തുക 2 കോടിയാക്കി വർദ്ധിപ്പിച്ചു.