ആലുവ: വിവിധ കേസുകളിൽ പ്രതിയായി കോടതികളിൽ നിന്നും വാറന്റ് പുറപ്പെടുവിച്ചിട്ടും മുങ്ങിനടക്കുന്നവരെ പിടികൂടാൻ റൂറൽ പൊലീസിന്റെ സ്‌പെഷൽ ഡ്രൈവ്. 102 പേരെ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നിർദ്ദേശപ്രകാരം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലൂടെ പിടികൂടി.
പിടിയിലായവരിൽ ജില്ലയിൽ നടന്ന പ്രമാദമായ ഇരട്ടക്കൊലപാതക കേസിലെ പ്രതിയും ഉൾപ്പെടും. ഓപ്പറേഷൻ ഡാർക്ക് ഹണ്ട് പ്രകാരവും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 23 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 26 പേരെ നാടുകടത്തിയെന്നും എസ്.പി പറഞ്ഞു. ഇലക്ഷന് മുന്നോടിയായി മുൻകാല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെയും, ശിക്ഷ കഴിഞ്ഞ്പുറത്തിറങ്ങിയവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.