 
അങ്കമാലി :നഗരസഭാ പ്രദേശത്ത് പ്രവർത്തിക്കുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്ററും, ജെ.ബി.എസ് സ്‌കൂളും ആധുനിക സൗകര്യങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി ഉയർത്തി. റോജി എം. ജോൺ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും 87.78 ലക്ഷം രൂപ ചിലവിൽ അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിലെ അദ്ധ്യാപകരുടെ വിവിധങ്ങളായ പരിശീലന പരിപാടികൾക്കും, ഭിന്നശേഷി കുട്ടികളുടെ ട്രെയിനിംഗിന് ആവശ്യമായ ബി.ആർ,സി പരിശീലനകേന്ദ്രവും, പുതിയ ഓഡിറ്റോറിയവും, കുട്ടികളുടെ പാർക്കും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം സ്‌കൂളിനും, ബി.ആർ,സിക്കും ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് സൗരോർജ്ജ പാനലും സ്‌കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. 500 ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് സ്‌കൂളിൽ നിർമ്മിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബെഹനാൻഎം.പി. നിർവ്വഹിച്ചു.
റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ പി.ജെ.ജോയി, നഗരസഭാ ചെയർമാൻ റെജി മാത്യു, വൈസ് ചെയർമാൻ റീത്താ പോൾ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിന്റ് ഷൈനി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യു തോമസ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഉഷാ മാനാട്ട്, ഡി.ഇ.ഒ .എൻ.ഡി. സുരേഷ്, എ.ഇ.ഒ ശ്രീലേഖ സി.ജെ, ബി.ആർ.സി കോർഡിനേറ്റർ സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.