sea-fishing

കൊച്ചി: ആഴക്കടൽ മത്സ്യബന്ധനത്തിന് കേരള സർക്കാരുമായി​ കരാർ ഒപ്പിട്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ഇ.എം.സി.സി കമ്പനി ഡയറക്ടർ ഷിബു വർഗീസ് കേരളകൗമുദിയോട് പറഞ്ഞു.

സർക്കാരി​ന് വിശദമായ പദ്ധതി​ രേഖ (ഡി.പി.ആർ) സമർപ്പിക്കുക മാത്രമാണ് ചെയ്തത്. ഒരു കരാറും ഒപ്പിട്ടിട്ടില്ല. ഒരു രൂപ പോലും സർക്കാരിൽ നിന്ന് വാങ്ങുന്നില്ല. പിന്നെ അഴിമതിയുണ്ടാവുന്നത് എങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.
ആഴക്കടൽ മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇ.എം.സി.സി. അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കമ്പനിയിൽ കുടുംബാംഗങ്ങളും അമേരിക്കൻ പൗരന്മാരുമുണ്ട്. അങ്കമാലിയി​ൽ സബ്‌സിഡിയറി കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന വികസനമാണ് ലക്ഷ്യം. സർക്കാർ അനുമതി ലഭിച്ചാൽ സംസ്ഥാനത്ത് മത്സ്യബന്ധന ബോട്ടുകൾ, വള്ളങ്ങൾ, വില്പന സ്റ്റാളുകൾ എന്നിവ നിർമിക്കാനാണ് പദ്ധതി. 5000 കോടിയുടെ പദ്ധതി നടപ്പാക്കുന്നത് വിദേശ നിക്ഷേപം വഴിയാണ്. പദ്ധതിയുടെ ഭാഗമായ 400 ബോട്ടുകൾ നിർമിക്കാൻ കെ.എസ്.ഐ.എൻ.സിയുമായി 2000 കോടിയുടെ ധാരണാപത്രം ഒപ്പിട്ടു. നാട്ടിലെ തൊഴിലാളികളെ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്താനാണ് ധാരണ. സർക്കാർ അനുമതി ലഭിച്ചാൽ കേരളത്തിൽ നടപ്പാക്കും. ഇല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകും.