
കൊച്ചി: പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇക്കുറി സഹജീവി സ്നേഹത്തിന്റെ ശോഭയാണ്. ആർഭാടങ്ങൾ ഒഴിവാക്കി നിർദ്ധനകുടുംബങ്ങൾക്ക് ഭവനപദ്ധതി ഒരുക്കി ക്ഷേത്രംകമ്മിറ്റി.
17 ന് കൊടിയേറിയ ഉത്സവം മാർച്ച് 1നാണ് സമാപിക്കുന്നത്. കാലാപരിപാടികളും പണച്ചെലവേറിയ എഴുന്നള്ളിപ്പുകളുമൊന്നും ഇക്കുറിയില്ല. അന്നദാനമുൾപ്പെടെയുള്ള വഴിപാടുകൾക്ക് സംഭാവന നൽകുന്ന ഭക്തരിൽ നിന്നും ഇത്തവണ ഭവനപദ്ധതിക്കുവേണ്ടി പ്രത്യേകധനം സ്വരൂപിക്കും.
കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ ഇടം പിടിച്ച മദ്ധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രം. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം 5 വർഷം കഴിഞ്ഞ് 1893 ഫെബ്രുവരി 22ന് ശ്രീനാരായണഗുരുദേവനാണ് ഇവിടെ പ്രതിഷ്ഠാകർമം നിർവഹിച്ചത്. കുലശേഖരമംഗലം സ്വദേശിയായിരുന്ന പുറ്റിനാൽ പാപ്പിവൈദ്യരുടെ പ്രേരണയാലാണ് ശ്രീനാരായണഗുരുദേവൻ ഇവിടെയെത്തിയത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിക്കുവാൻ വൈദ്യരുടെ നേതൃത്വത്തിൽ 'തിരുവിതാംകൂർ ഈഴവ കുടുംബസഹായസംഘം' എന്നൊരു പ്രസ്ഥാനം ആരംഭിച്ചിരുന്നു. ജനങ്ങളെ സാമൂഹ്യപുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായി ഒരു പ്രവൃത്തിസ്കൂൾ സ്ഥാപിച്ചതും വൈദ്യരുടെ നേതൃത്വത്തിലാണ്. പിന്നീടായിരുന്നു ക്ഷേത്ര നിർമാണം. പ്രതിഷ്ഠക്കുശേഷം ശ്രീകോവിലിൽ നിന്ന് പുറത്തുവന്ന ഗുരുദേവൻ, 'ഈ ക്ഷേത്രത്തിന് ചുറ്റും വിദ്യാലയങ്ങൾ ഉണ്ടാവണമെന്ന്' കൂടിനിന്ന ഭക്തജനങ്ങളോട് അരുൾചെയ്തു. വർഷങ്ങൾക്ക് ശേഷം പ്രീപ്രൈമറി മുതൽ ലാ കോളേജും ബി.എഡ് കോളേജും ഉൾപ്പെടെയുള്ള ഉന്നതവിദ്യാസസ്ഥാപനങ്ങൾ ക്ഷേത്രത്തിന് ചുറ്റിലും കോട്ടപോലെ സ്ഥാപിതമായി.
പ്രതിഷ്ഠാസമയത്ത് ചട്ടമ്പിസ്വാമി, പെരുനെല്ലി കൃഷ്ണൻവൈദ്യൻ, പെരുമാൾ പിള്ള, കുളവേലി കൃഷ്ണൻ വൈദ്യർ എന്നി മഹത് വ്യക്തികളും സന്നിഹിതരായിരുന്നു. പിന്നീട് തിരുവിതാംകൂർ ഈഴവ കുടുംബസഹായസംഘം, വൈക്കം സന്മാർഗപരിവർദ്ധിനി സഭയായി മാറുകയും ചെയ്തു.
ഗുരുദേവന്റെ ദിവ്യസാന്നിദ്ധ്യം
ശ്രീനാരായണഗുരുദേവന്റെ ദിവ്യസാന്നിദ്ധ്യം അനുഭവിച്ചറിയുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തരുടെ വൻതിരക്കാണ് എല്ലാവർഷവും ഉണ്ടാകാറുള്ളത്. ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശനമായ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ. ആയിരങ്ങൾ പങ്കെടുത്തിരുന്ന താലപ്പൊലി ഘോഷയാത്രകൾ വേണ്ടന്നുവച്ചു. ഒഴിവാക്കാനാവാത്ത ചടങ്ങുകൾക്ക് പരമാവധി 21 പേർ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്.
ആഘോഷങ്ങളും ആർഭാടങ്ങളും വേണ്ടന്നുവച്ചതോടെ മിച്ചമാകുന്ന തുക വിനിയോഗിച്ചാണ് പാവപ്പെട്ടവർക്ക് ഭവനപദ്ധതി നടപ്പിലാക്കുന്നതെന്ന് ശാഖ-ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ഇ.കെ. മണിയപ്പൻ, സെക്രട്ടറി കെ.കെ. അരുൺകാന്ത് എന്നിവർ അറിയിച്ചു.
താലപ്പൊലി ഘോഷയാത്രകൾ വേണ്ടന്നുവച്ചു
ചടങ്ങുകൾക്ക് പരമാവധി 21 പേർ
ഉത്സവം മാർച്ച് 1നാണ് സമാപിക്കും