കൊച്ചി: വികസന പദ്ധതികൾക്ക് പണം കണ്ടെത്തെൻ മുനിസിപ്പൽ ബോണ്ട് ഇറക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കൊച്ചി കോർപ്പറേഷൻ തുടക്കമിട്ടു. ആദ്യം സർക്കാർ അനുമതി തേടും. സർക്കാർ ഗാരന്റി ബോണ്ടിന് അനിവാര്യമാണ്. കൗൺസിലിന്റെ അനുമതി കൂടി ലഭിച്ചാൽ ഈ ആശയവുമായി മുന്നോട്ടു നീങ്ങുമെന്ന് മേയർ അഡ്വ.എം.അനിൽകുമാർ പ്രത്യേക കൗൺസിൽ യോഗത്തിൽ അറിയിച്ചു.

ബോണ്ട് ഇറക്കുന്നതിന് മുന്നോടിയായി കോർപ്പറേഷന്റെ നിഷ്ക്രിയ ആസ്തിയുടെ കണക്കെടുക്കാനും ആസ്തി രജിസ്റ്റർ ഉണ്ടാക്കാനും തീരുമാനിച്ചു. ഹൈദരബാദ്, ഗുജറാത്ത് തുടങ്ങിയ മുനിസിപ്പാലിറ്റികൾ മുനിസിപ്പൽ ബോണ്ട് ഇറക്കിയിട്ടുണ്ട്. നൂറു കോടിയുടെ ബോണ്ട് ഇറക്കിയാൽ കേന്ദ്ര സബ്സിഡിയായി 13 കോടി രൂപ ലഭിക്കും.

 കോർപ്പറേഷന്റെ ബാദ്ധ്യത 243 കോടി

കരാറുകാർക്ക് നൽകാനുള്ള തുക ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി കോർപ്പറേഷന് 243 കോടിയുടെ ബാദ്ധ്യതയുണ്ടെന്ന വാദത്തെ പ്രതിപക്ഷം എതിർത്തു.ബാദ്ധ്യതയെ കുറിച്ചുള്ള വിശദാംശങ്ങൾ മാത്രമാണ് അജണ്ടയിൽ ഉള്ളതെന്നും സർക്കാരിൽ നിന്ന് ലഭിക്കാനുള്ള തുകയെ കുറിച്ച് മൗനം പാലിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ബോണ്ട് ഇറക്കുന്നതിനോട് തങ്ങൾക്ക് വിയോജിപ്പില്ലെന്ന് വി.കെ.മിനിമോൾ പറഞ്ഞു. അതേസമയം 2018-19 ലെ ബഡ്‌ജറ്റിൽ അന്നത്തെ ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ് ഈ പ്രഖ്യാപനം നടത്തിയെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പു മൂലം മുന്നോട്ടു നീങ്ങാൻ കഴിഞ്ഞില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വസ്തു നികുതിയിനത്തിൽ 71.96 കോടിയും തൊഴിൽ കരമായി 25 കോടിയും വാടകയിനത്തിൽ 21 കോടിയും ലഭിക്കാനുണ്ടെന്ന് മേയർ പറഞ്ഞു.

 ഉൗരാളുങ്കൽ സൊസൈറ്റിയെ ഒഴിവാക്കി

കെട്ടിട നികുതിയിൽ വർദ്ധന ഉണ്ടാക്കാൻ സാറ്റ്‌ലൈറ്റ് മാപ്പിംഗ് നടത്തി കെട്ടിടത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കൗൺസിൽ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് ഇതിന്റെ ചുമതല ഉൗരാളുങ്കൽ സൊസൈറ്റിയെ ഏല്പിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഇതിനായി ടെൻഡർ വിളിക്കും.

 പരസ്യബോർഡിനത്തിൽ വരുമാന ചോർച്ച

മുൻ ഭരണസമിതിയുടെ പിഴവ് മൂലം പ്രതിവർഷം ശരാശരി മൂന്നു കോടി രൂപയുടെ വരുമാനം ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് പരസ്യബോർഡുകളിൽ നിന്ന് കഴിഞ്ഞ മൂന്നു വർഷമായി കോർപ്പറേഷന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് മേയർ അറിയിച്ചു. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഭരണപക്ഷത്തെ കൗൺസിലർമാർ ആവശ്യപ്പെട്ടു.