aluva-shiva-temple

കൊവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്ര ചടങ്ങുകൾ മാത്രം

ബലിതർപ്പണം മുടങ്ങുന്നത് ചരിത്രത്തിലാദ്യം

200 പേരെ വരെ ഒരേ സമയം പ്രവേശിപ്പിക്കും

ആലുവ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആലുവ ശിവരാത്രി മണപ്പുറത്ത് ഇക്കുറി ബലിതർപ്പണമുണ്ടാകില്ല. ഇന്നലെ നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം.

പെരിയാറിന്റെ തീരമായതിനാൽ ബലിതർപ്പണത്തിനെത്തുന്നവരെ കൊവിഡ് മാനദണ്ഡം പാലിച്ച് നിയന്ത്രിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബലിയിടൽ ചടങ്ങുകൾ പൂർണമായി ഉപേക്ഷിക്കാൻ ബോർഡ് തീരുമാനിച്ചത്. അതേസമയം ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ പൂജകളെല്ലാം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും. സാമൂഹിക അകലം പാലിച്ച് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം. 200 പേരെ വരെ ഒരേ സമയം പ്രവേശിപ്പിക്കും.

27ന് ആലുവയിൽ യോഗം

ശിവരാത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് 27ന് ആലുവയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേരും.ദർശനത്തിനെത്തുന്നവർക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും. ജില്ലാ ഭരണകൂടം, നഗരസഭ, പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി, എക്സൈസ് തുടങ്ങി എല്ലാ വിഭാഗം മേധാവികളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ എൻ. വാസു, ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ എന്നിവർ 'കേരളകൗമുദി'യോട് പറഞ്ഞു.

അദ്വൈതാശ്രമത്തിലും അന്തിമ തീരുമാനമായില്ല

അദ്വൈതാശ്രമത്തിലും ശിവരാത്രി ആഘോഷം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കൂവെന്ന് സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ശിവരാത്രി ആഘോഷങ്ങൾക്ക് വേണ്ടി സംഘാടക സമിതി രൂപീകരണവും സർവമത സമ്മേളനത്തിലേക്ക് അതിഥികളെയെല്ലാം ഇതിനകം ക്ഷണിച്ചിട്ടുണ്ടെങ്കിലും സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ തീരുമാനമെന്നും സ്വാമി പറഞ്ഞു.

ജില്ലാ ഭരണകൂടം അനുവദിച്ചാൽ മാത്രം വ്യാപാരമേളയെന്ന് നഗരസഭ

ജില്ലാ ഭരണകൂടം അനുവദിച്ചാൽ മാത്രമെ വ്യാപാരമേള ഉണ്ടായിരിക്കുകയുള്ളുവെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വ്യാപാരമേള നടത്തുന്നതിന് അനുമതി തേടി ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. നിവേദനം ജില്ലാ ഭരണകൂടത്തിന് കൈമാറിയെങ്കിലും പലവട്ടം ബന്ധപ്പെട്ടിട്ടും തീരുമാനം അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് തീരുമാമെടുക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചതായും ചെയർമാൻ പറഞ്ഞു.