കൊച്ചി: കാലടി സർവകലാശാലയിൽ പി.എച്ച്.ഡി. പ്രവേശനം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർക്ക് കത്തയച്ച വകുപ്പ് മേധാവിയുടെ സ്ഥാനം തെറിപ്പിച്ചു. എസ്.എഫ്.ഐ നേതാക്കൾക്ക് വേണ്ടി സംസ്‌കൃത സാഹിത്യ വിഭാഗത്തിലെ പി.എച്ച്.ഡി. പ്രവേശനം വൈസ് ചാൻസലർ ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണമുന്നയിച്ച വകുപ്പ് മേധാവി ഡോ. പി.വി. നാരായണനെ നീക്കാൻ ഇന്നലെ ചേർന്ന സിൻഡി​ക്കേറ്റ് യോഗം തീരുമാനിച്ചു. പകരം സീനിയോരിറ്റി അടിസ്ഥാനപ്പെടുത്തി പുതിയ ആളെ നിയമിക്കും.
സർവകലാശാലയ്ക്ക് താൽപ്പര്യമുള്ളവരെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിന് ഭീഷണി നേരിടുന്നുവെന്ന് കാണിച്ചാണ് വകുപ്പ് മേധാവി ഡോ. പി.വി നാരായണൻ രജിസ്റ്റാർക്ക് കത്ത് അയച്ചത്. സംസ്‌കൃത സാഹിത്യ വിഭാഗത്തിൽ 16 പേരാണ് പി.എച്ച്.ഡി അപേക്ഷകർ. 12 പേരെ തി​രഞ്ഞെടുത്തു. പുറത്തായ ചില വിദ്യാർത്ഥികൾക്ക് വേണ്ടി എസ്.എഫ്.ഐ പി​ന്നാലെ പരാതിയുമായെത്തി. തുടർന്ന് ഷോർട്ട് ലിസ്റ്റ് തിരുത്തി നൽകാൻ വി.സി ആവശ്യപ്പെട്ടെന്നാണ് വകുപ്പ് അദ്ധ്യക്ഷൻ ഡോ. പി.വി. നാരായണൻ പറയുന്നത്. പി​ന്നീട് സി​ൻഡി​ക്കേറ്റ് 16 പേരെയും അംഗീകരി​ക്കാൻ തീരുമാനമെടുത്തു.

സംസ്‌കൃത വിഭാഗത്തിലെ ആറു അദ്ധ്യാപക ഒഴി​വുകളി​ൽ താത്പര്യമുള്ളവരെ തള്ളിക്കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തന്നെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതെന്ന് ഡോ. പി.വി. നാരയണൻ പറഞ്ഞു. വകുപ്പ് അദ്ധ്യക്ഷൻ പരാതി നൽകിയിട്ടില്ലെന്നും പി.എച്ച്.ഡി. പ്രവേശന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും വൈസ് ചാൻസിലർ ഡോ.ധർമ്മരാജ് അടാട്ട് പറഞ്ഞു.