
ആലുവ: ആറ് പതിറ്റാണ്ടിലേറെ ആലുവ മണപ്പുറം ഭാഗം കേന്ദ്രീകരിച്ച് ഫുട്‌ബോൾ കളിയിൽ സജീവമായിരുന്നവർ കൂട്ടായ്മയൊരുക്കും. മാത്രമല്ല, അന്ന് അവർ വീണ്ടും കളിക്കളത്തിലിറങ്ങി ഫുട്‌ബോൾ തട്ടും. ആലുവ ബൈപ്പാസിലെ ഫുട്‌ബോൾ ടർഫിൽ നാളെ വൈകിട്ട് ഏഴ് മുതൽ ഒമ്പത് വരെയാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്.
ആലുവയിലും സമീപപ്രദേശങ്ങളിലുമുള്ള നിരവധി പേർ മണപ്പുറത്തും സമീപ പ്രദേശത്തുമെത്തിയാണ് ഫുട്‌ബോൾ കളിയിലേർപ്പെട്ടിരുന്നത്. 30 വർഷം മുമ്പു വരെ മണപ്പുറം സ്ഥിതി ചെയ്യുന്ന തോട്ടയ്ക്കാട്ടുകരയിൽ മാത്രം 30 ഓളം ഫുട്‌ബോൾ ക്ലബുകളാണുണ്ടായിരുന്നു. കൃഷിയൊഴിഞ്ഞാൽ നെൽപ്പാടങ്ങൾ ഏറെനാൾ ഫുട്‌ബോൾ ഗ്രൗണ്ടുകളായി മാറുകയും ചെയ്യുമായിരുന്നു. ഇപ്പോഴത്തെ പ്രിയദർശിനി ടൗൺ ഹാൾ നിൽക്കുന്ന സ്ഥലവും ആയുർവേദ ആശുപത്രി നിൽക്കുന്ന സ്ഥലവും നിരവധി ടൂർണമെന്റുകൾ അരങ്ങേറിയിരുന്ന ഗ്രൗണ്ടുകളായിരുന്നു.
നാളത്തെ സംഗമം കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ഗൾഫിലും മറ്റുമുള്ളവർ ഓൺലൈനിലൂടെയും കൂട്ടായ്മയിൽ പങ്കുചേരും. ഒരു കാലത്ത് എന്നും വൈകിട്ട് ഗ്രൗണ്ടിലെത്തി ഫുട്‌ബോൾ കളി കഴിഞ്ഞ് ആലുവ പുഴയിൽ നീന്തിത്തുടിക്കുന്ന വലിയൊരു കൂട്ടം യുവാക്കളുണ്ടായിരുന്നു. ഇവരിൽ പലരും ഇപ്പോൾ ആലുവയിൽ താമസം പോലുമില്ല. പലരും വർഷങ്ങളായി ഫുട്‌ബോൾ കളിക്കുന്നുമില്ല. എങ്കിലും ബാല്യത്തിലെയും യുവത്വത്തിലെയും ഫുട്‌ബോൾ ഓർമ്മകൾ ഒന്നുകൂടി ഇവർ അയവിറക്കും.