കൊച്ചി: കേരളത്തിലെ മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതുന്നതായി ആരോപിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന കമ്മി​റ്റി അറിയിച്ചു. ഇന്ത്യൻ കടലുകളിൽ സുസ്ഥിര വികസനത്തിന് 76,967 യാനങ്ങൾ മാത്രം മതിയെന്നിരിക്കെ 2.6 ലക്ഷം യാനങ്ങളാണ് പ്രവർത്തിക്കുന്നത്. പുതിയ യാനങ്ങൾക്ക് പത്ത് വർഷത്തേക്ക് അനുമതി നൽക്കേണ്ടതില്ലെന്നു തീരുമാനിച്ച കേരള സർക്കാർ 400 പുതിയ യാനങ്ങൾ ഇറക്കുന്നത് മേഖലയിലെ പാരിസ്ഥിതിക സന്തുലനത്തെ തകർക്കും. ആഴക്കടലിൽ മത്സ്യങ്ങൾ കുറയുകയും ഇന്ധന ചെലവ് കുത്തനെ കൂടുകയും ചെയ്യുന്നത്തോടെ യാനങ്ങൾ തീരക്കടലിലായിരിക്കും പ്രവർത്തിക്കുക. ഇത് പരമ്പരാഗത മത്സ്യബന്ധന സമൂഹത്തിന് കനത്ത തിരിച്ചടിയാകും. തീരുമാനം ആത്മഹത്യാപരമാണെന്നും ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.