
കൊച്ചി: സാധാരണക്കാരുടെ നടുവൊടിച്ച ഇന്ധനവില വർദ്ധനവിനൊപ്പം കുതിച്ചുയർന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയും. വെളിച്ചെണ്ണ മുതൽ ചെറിയ ഉള്ളിക്ക് വരെ തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റം.മുൻ വർഷങ്ങൾക്കു സമാനമായി സവാള വീണ്ടും കുതിപ്പ് തുടങ്ങി. മൂന്ന് കിലോ 100 രൂപയ്ക്ക് കിട്ടിയിരുന്ന സവാള കിലോയ്ക്ക് 60 രൂപയായി. വെളിച്ചെണ്ണയ്ക്ക് 220 മുതൽ 250 രൂപ വരെയായി.
പച്ചക്കറികളിൽ മുരിങ്ങയ്ക്കാണ് വില കൂടുതൽ. മറ്റു പച്ചക്കറി ഇനങ്ങൾക്ക് നേരിയ വിലക്കയറ്റമുണ്ട്. പെട്രോളിനും ഡീസലിനും വില വർദ്ധിച്ചതോടെ ഗതാഗത ചെലവ് വർദ്ധിച്ചതും ലോറിവാടക കൂട്ടിയതുമാണ് വില വർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
കീശ കാലിയാക്കാൻ ഉള്ളിയും തക്കാളിയും മത്സരത്തിൽ
തക്കാളി കിലോ 20 ൽ നിന്നും ഒറ്റക്കുതിപ്പിൽ 40 ലേയ്ക്കാണ് ചാടിയത്. തൊട്ടു പിന്നിൽ ചെറിയ ഉള്ളിയുമുണ്ട്.80 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോൾ 130 രൂപയ്ക്കാണ്. വെളുത്തുള്ളി ചില്ലറ വില്പന 160 നാണ്. മഹാരാഷ്ട്രയിൽ നിന്നുമാണ് ഉള്ളി കൂടുതലായി എത്തുന്നത്. കർണ്ണടകയിൽ നിന്ന് തക്കാളിയും. സംസ്ഥാനത്തെ കനത്ത ചൂടിൽ രണ്ടുല്പന്നങ്ങളും പ്രതീക്ഷിക്കുന്നതിലുമപ്പുറം ഉപയോഗശൂന്യമാകുന്നുണ്ട്. മൊത്ത വില വർദ്ധിക്കുന്നതിന് ഒരു കാരണമിതാണ്.
റേഷൻ കിറ്റ് രക്ഷിച്ചു
കൊവിഡിന്റെ പശ്ചാതലത്തിൽ സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കിറ്റ് വിതരണം നടന്നതിനാൽ പലവ്യഞ്ജന വിലയിൽ കാര്യമായ വർദ്ധവ് ഉണ്ടായിട്ടില്ല. പരിപ്പും പയറും കടലയും ഉൾപ്പെടെ പലവ്യഞ്ജനവസ്തുക്കൾ റേഷൻ കടകൾ വഴി നൽകുന്ന കിറ്റിലുണ്ട്. ഇതുമൂലം പൊതുവിപണിയിൽ ഇവയുടെ ആവശ്യക്കാരും കുറവാണ്. വില്പന നടക്കാത്തതിനാൽ മിക്കതും വെറുതെയിരുന്നു നശിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. വിപണിയിലെ തിരക്ക് കണ്ട് എടുത്ത സ്റ്റോക്കുകളെല്ലാം വില്പന ചെയ്യാനാവാതെ കെട്ടിക്കിടക്കുന്നത് വ്യാപാരികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.
കൊവിഡ് ക്ഷീണം മാറുന്നില്ല
കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർക്കറ്റിൽ വന്ന് സാധനങ്ങൾ വാങ്ങാൻ തന്നെ ആളുകൾക്ക് മടിയാണ്. അതിനൊപ്പം വിലവർദ്ധനവ് കൂടി ആകുമ്പോൾ ആവശ്യക്കാർ കുറയും. ഇത് എല്ലാവരെയും ദുരിതത്തിലാക്കുന്ന സ്ഥിതിയാണ്. യാത്രാ ചെലവും ഭക്ഷണ ചെലവും ആളുകൾക്ക് ആശങ്കയായി മാറുകയാണ്.
സാദിഖ്,വ്യാപാരി
ലഭിക്കുന്നത് ലോഡുകളുടെ പകുതി
കൊയമ്പത്തൂർ എം.ജി.ആർ മാർക്കറ്റിലും, മേട്ടുപ്പാളയം മാർക്കറ്റിലുമാണ് സവാള, ഉള്ളി ഉല്പന്നങ്ങളുടെ സംസ്ഥാനത്തേയ്ക്കുള്ള പ്രധാന വിപണന കേന്ദ്രം, കഴിഞ്ഞ ഒരാഴ്ചയായി ഇവിടെയെത്താറുള്ള ലോഡുകളുടെ പകുതി മാത്രമാണ് വരുന്നത്.
കെ.എം.പരീക്കുട്ടി, മൊത്തവ്യാപാരി
വർദ്ധിച്ച വില
സവാള - 60
ഉള്ളി - 130
മുരിങ്ങയ്ക് - 140
വെളിച്ചെണ്ണ - 220 -250