കുറുപ്പംപടി: ആരോഗ്യ കേന്ദ്രങ്ങൾക്ക് മികച്ച ഭൗതിക സൗകര്യങ്ങൾ നൽകി രോഗി സൗഹാർദ്ദമാക്കുന്നതിന് നടപ്പിലാക്കുന്ന ആരോഗ്യ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി
പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ചു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാണ് എം.എൽ.എ തുക അനുവദിച്ചത്. ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മാണം ആരംഭിച്ചു.
ഡോക്ടർമരുടെ മുറികൾ, അത്യാഹിത മുറി, ഫാർമസി സൗകര്യം, സ്റ്റോർ, ലബോറട്ടറി, റിസപ്‌ഷൻ, ഡ്രസ്സിംഗ് മുറി, നാല് ശുചിമുറികൾ, എന്നിവ ഉൾപ്പെടുന്ന കെട്ടിടമാണ് പുതിയതായി നിർമിക്കുന്നത്. നിലവിൽ 2 ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്.
ആധുനിക ലബോറട്ടി, പ്രീ ചെക്ക് കൗൺസിലിംഗ്, എൻ.സി.ഡി ക്ലിനിക്ക് എന്നിവ നിലവിൽ ഇവിടെ ലഭ്യമാണ്. ദീർഘകാല ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമിട്ടു കൊണ്ടുള്ള ശ്വാസ് പദ്ധതി, വിഷാദ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ആശ്വാസം പദ്ധതി എന്നിവയും ഇവിടെ നടപ്പിലാക്കുനുണ്ട്. കൊവിഡ് നിയന്ത്രണകൾക്ക് ശേഷം ഇവ ആരംഭിക്കും. പഞ്ചായത്തിലെ മുഴുവൻ പൗരൻമാരുടേയും മാനസികവും ശാരീരികവുമായ ആരോഗ്യ സുസ്ഥിരത ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി അജിത് കുമാർ, ഷോജ റോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ജെ മാത്യു, ജോസ് എ പോൾ, വൽസ വേലായുധൻ, പഞ്ചായത്ത് അംഗങ്ങളായ ഡോളി ബാബു, രജിത ജയ്മോൻ, അനാമിക ശിവൻ, ബിന്ദു ഉണ്ണി, പി.എസ് സുനിത്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബി മാത്യു, ജോഷി തോമസ്, എൻ.പി രാജീവ്, സോഫി രാജൻ, മെഡിക്കൽ ഓഫീസർ വിവേക് ജെസ് തുടങ്ങിയവർ സംസാരിച്ചു.