iifkstall

കൊച്ചി: ചലച്ചിത്രോത്സവവേദിയിൽ സിനിമാ ചരിത്രത്തിന്റെ നേർസാക്ഷ്യമൊരുക്കി ചലച്ചിത്ര അക്കാഡമി. അക്ഷരങ്ങൾക്ക് ജീവൻ പകരാൻ മലയാളം മിഷനും. സിനിമാസംബന്ധിയായ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്.

കെ.ബി. വേണു എഴുതിയ കിം കിം ദുക് മൗനവും ഹിംസയും എന്ന പുസ്തകത്തിൽ തെളിയുന്നത് കിം കിം ദുക് എന്ന വിഖ്യാത സംവിധായകന്റെ ജീവിതവും സിനിമയുമാണ്. അക്കാഡമിയുടെ സ്റ്റാളിൽ പുസ്തകത്തിന് ആവശ്യക്കാരേറെ. ജി.പി. രാമചന്ദ്രൻ എഴുതിയ ഗൊദാർദ് പല യാത്രകൾ വിറ്റുതീർന്നു.

1994 മുതൽ 2015 വരെയുള്ള ചലച്ചിത്രമേളകളുടെ സുവനീർ, മധു ജനാർദ്ദനന്റ ഗിരീഷ് കർണാട് കലയിലെ നിലപാടുകൾ, നീലൻ എഴുതിയ ജിറി മെൻ സെലിനെക്കുറിച്ചുള്ള പുസ്തകം, ഫെർനാണോ സൊളാനസിന്റെ സിനിമയും ദർശനവും ഹരിഹരന്റെ ചലച്ചിത്ര ജീവിതം അനാവരണം ചെയ്യുന്ന സർഗപ്രപഞ്ചം എന്നിവയിൽ അക്കാഡമിയുടെ സ്റ്റാളിലുണ്ട്.

കേരള ചലച്ചിത്ര ചരിത്രം ഏകീകരിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. വിട്ടുപിരിഞ്ഞ പ്രതിഭകളുടെ സംഭാവനകൾ അടയാളപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങളും മേളയിലുണ്ട്. അക്കാഡമി പ്രസിദ്ധീകരിക്കുന്ന ചലച്ചിത്ര സമീഷ മാസികയുടെ വരിക്കാരാകാനും അവസരമുണ്ട്.

അക്ഷരങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലയാളം മിഷന്റെ സുവനീർ ഷോപ്പും മേളയിലുണ്ട്. മലയാള അക്ഷരങ്ങൾ ആലേഖനം ചെയ്ത മാസ്‌കിനും ടീ ഷർട്ടിനും ആവശ്യക്കാരേറെ.

ടീ ഷർട്ട്, സാരി, കപ്പ്, ബുക്ക് മാർക്ക്, മാസ്‌ക്, ഹാൻഡ് ബാഗ് തുടങ്ങിയവയ പ്രദർശനത്തിനും വില്പനയ്ക്കുണ്ട്. ടീ ഷർട്ടിന് 180 രൂപയാണ് വില, മാസ്‌കിന് 40, മഗിന് 160 രൂപയും.ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റി ഒഫ് ഇന്ത്യയുടെ സ്റ്റാളും മേളയിലുണ്ട്. സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ദൃശ്യ താളം മാസികയും ലഭിക്കും.