കൊച്ചി: തടസങ്ങളെല്ലാം നീങ്ങിയതോടെ കൊച്ചിയിലെ മഹാകവി ജി.ശങ്കരക്കുറുപ്പ് സ്മാരക നിർമ്മാണത്തിന് വഴിതുറന്നു. ഗോശ്രീ പാലത്തിനടുത്ത് കൊച്ചി കോർപ്പറേഷൻ സ്മാരക നിർമ്മാണത്തിനായി കണ്ടെത്തിയ സ്ഥലത്തേക്കുള്ള വഴി പ്രശ്‌നത്തിന് പരിഹാരമായതോടെയാണ് കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നത്. മേയർ എം. അനിൽകുമാർ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് വഴിക്കാവശ്യമായ സ്ഥലം വിട്ടുനൽകാൻ ജി.സി.ഡി.എ തയ്യാറായത്. ജി.സി.ഡി.എ സ്ഥലം വിട്ടുനൽകാതെ കോർപ്പറേഷന്റെ 25 സെന്റിലേക്ക് എത്താൻ കഴിയില്ലായിരുന്നു. ഇതുമൂലം പദ്ധതി കടലാസിൽ ഒതുങ്ങി. പുതിയ കൗൺസിൽ അധികാരമേറ്റശേഷം മേയർ എം .അനിൽകുമാർ ഈ പ്രശ്‌നത്തിൽ ഇടപെട്ടു. കഴിഞ്ഞദിവസം മേയറും ജി.സി.ഡി.എ ചെയർമാനും സൈറ്റിൽ എത്തി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ വഴിക്കാവശ്യമായ സ്ഥലം അളന്നു സ്‌കെച്ച് തയ്യാറാക്കി. ജി.സി.ഡി.എ വിട്ടുനൽകുന്നതിന് പകരം സ്ഥലം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു. ഒരാഴ്ചയ്ക്കകം കുമാർ ഗ്രൂപ്പ് സ്മാരകത്തിന്റെ സ്‌കെച്ച് സമർപ്പിക്കും. അത് പരിശോധിച്ച് അന്തിമരൂപം നൽകിയാലുടൻ നിർമ്മാണം തുടങ്ങാനാണ് പരിപാടി. ആദ്യഘട്ടമായി 10 ലക്ഷം രൂപ നഗരസഭ നീക്കിവച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.