 
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ കന്നി ബഡ്ജറ്റിൽ ഉത്പാദന സേവന മേഖലയ്ക്ക് ഊന്നൽ.പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് അശോക് കുമാർ ബഡ്ജറ്റ് അവതരിപ്പിച്ചു. 23,58,93,239 രൂപ വരവും 22,62,64,802 ചിലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ഉത്പാദന മേഖലയിൽ 78.87 ലക്ഷം രൂപയും, സേവന മേഖലയിൽ 7.22 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന ശ്രദ്ധയാകർഷിച്ച 'ദിശ' പരിപാടി തുടരുകയും, പഞ്ചായത്തിലെ സ്കൂളുകൾ മോഡൽ സ്കൂളുകളായി ഉയർത്തുകയും ചെയ്യും. പട്ടിക ജാതി കോളനികളുടെ ഉന്നമനത്തിനായി 'വെളിച്ചം' എന്ന പദ്ധതിയും, കലാ സാംസ്കാരീക മേഖലകളുടെ പ്രോത്സാഹനം ലക്ഷ്യമാക്കി 'ഉണർവ് ' പദ്ധതിയും നടപ്പാക്കും. അയൽ സഭകളുടെയും, വാർഡ് സഭകളുടെയും പ്രവർത്തനം ശക്തമാക്കാൻ 'കൈത്താങ്ങ് ' എന്ന പദ്ധതി നടപ്പാക്കും. പീച്ചിങ്ങച്ചിറ കുടിവെള്ള പദ്ധതി നവീകരണത്തിന് 40 ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്ത് ഓഫീസിൽ കെ.എസ്.ഇ.ബി യുമായി സഹകരിച്ച് സൗരോർജ്ജ പാനൽ സ്ഥാപിക്കും.