പറവൂർ: കേസരി ട്രസ്റ്റിന് കീഴിലുള്ള പറവൂർ കേസരി ആർട്സ് ആൻഡ് സയൻസ് കോളജ് സർക്കാർ ഏറ്റെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
കേസരി സ്മാരക ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥലവും കെട്ടിടവും സൗജന്യമായി ഉപാധിരഹിതമായി സർക്കാരിനു നൽകണം. നിലവിലെ ജീവനക്കാരെ സർക്കാർ ഏറ്റെടുക്കില്ല. കോളജ് പ്രവർത്തിക്കുന്നതിന് ആവശ്യമായ ബാക്കി സ്ഥലം ഏറ്റെടുക്കാൻ ട്രസ്റ്റ് സർക്കാരിനെ സഹായിക്കണം.
കോളജിന് നിലവിൽ 1.08 ഏക്കർ ഭൂമിയുണ്ട്. ഇതിനു പുറമേ 3.05 ഏക്കർ ഭൂമി കേസരി ബാലകൃഷ്ണപിള്ളയുടെ കുടുംബാംഗങ്ങളുടെ പേരിലുണ്ട്. സർക്കാർ കോളജാക്കി മാറ്റുന്ന പക്ഷം ഈ ഭൂമി വിട്ടു നൽകാൻ തയാറാണെന്ന് ട്രസ്റ്റ് സർക്കാരിന് ഉറപ്പ് നൽകിയിരുന്നു. യു.ജി.സി നിബന്ധനകൾ അനുസരിച്ച് കോളജ് പ്രവർത്തിക്കാൻ ആവശ്യമായ ഭൂമി ഏറ്റെടുക്കാൻ കഴിയുമെന്ന് ട്രസ്റ്റും കോളജ് വിദ്യാഭ്യാസ ഡയറക്ടറും ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ പറയുന്നു. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഓരോ കോഴ്സുകൾ തുടങ്ങാവുന്നതാണെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് സൂചിപ്പിട്ടുണ്ട്.