
കൊച്ചി: പരസ്യചിത്രത്തിൽ അഭിനയിക്കാൻ താരങ്ങൾ പ്രതിഫലത്തുക കൂട്ടിയാൽ സ്വയം മോഡലാകുമെന്ന വൈസ് ചെയർപേഴ്സൺ ശോഭന ജോർജിന്റെ വെല്ലുവിളി ഖാദി ബോർഡിന് മുതൽകൂട്ടായി. ഒത്തുപിടിക്കാൻ ഖാദി കുടുംബാംഗങ്ങളും തയ്യാറായതോടെ പരസ്യചിത്രം യാഥാർത്ഥ്യമായി.
പരസ്യചിത്രത്തിൽ അഭിനിയിക്കാൻ സമീപിച്ച താരങ്ങളൊക്കെ 5 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ പ്രതിഫലം ചോദിച്ചു. പിന്നീട് വിളിച്ചാൽ ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്ന് ശോഭന ജോർജ് പറഞ്ഞു.
താരങ്ങൾ ഇല്ലെങ്കിലും പരസ്യം ഉണ്ടാകുമെന്ന് തീരുമാനിച്ച വൈസ് ചെയർപേഴ്സന്റെ ഇച്ഛാശക്തിക്കൊപ്പം ജീവനക്കാരും കുടുംബാംഗങ്ങളും അണിനിരന്നതോടെ കലൂർ ഖാദിഭവൻ ലൊക്കേഷനായി സ്റ്റാർട്ട് ആക്ഷനും കട്ടും വിളിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കി.
ഖാദി പുതുതായി വിപണിയിലിറക്കിയ പട്ടുസാരികൾ, ഷർട്ട്, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താൻ പരസ്യം അനിവാര്യമാണെന്ന ഘട്ടത്തിലാണ് മോഡലുകളെ വച്ച് ഷൂട്ട് ചെയ്യുന്ന കാര്യത്തെക്കുറിച്ച് ബോർഡ് ചിന്തിച്ചത്. പരസ്യ ചിത്രത്തതിനായി വലിയതുക ചെലവഴിക്കാൻ കഴിയുന്ന സാമ്പത്തിക സ്ഥിതിയുമില്ല. കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ലാഭവും നഷ്ടവുമില്ലാതെ മുന്നോട്ട് പോവുകയാണ്. സാധാരണക്കാരായ ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള തൊഴിലാളികളാണ് മേഖലയിൽ പണിയെടുക്കുന്നത്. അവരുടെ ക്ഷേമത്തിനുവേണ്ടിയുള്ള പണം പരസ്യചിത്രീകരണത്തിന് ചെലവഴിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനം എടുക്കുകയായിരുന്നുവെന്നും ശോഭന പറഞ്ഞു. എറണാകുളം കലൂരിലെ ഖാദി ഫാഷൻ സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം.
കാമറയ്ക്കു മുമ്പിൽ ശോഭന ജോർജ്
കഴിഞ്ഞ രണ്ടു വർഷമായി ഖാദി ഫാഷൻ വസ്ത്രങ്ങളുടെ പ്രചാരണത്തിനുള്ള പരസ്യചിത്രത്തിൽ അഭിനിയിക്കാൻ സിനിമാതാരങ്ങളുടെ പിന്നാലെ നടന്ന് മടുത്താണ് സ്വയം അഭിനയിക്കാൻ തീരുമാനിച്ചതെന്ന് ശോഭന ജോർജ് പറഞ്ഞു. ഖാദി ബോർഡ് മാർക്കറ്റിംഗ് ഡയറക്ടറും ഇൻഫർമേഷൻ ഓഫീസറുമായ പി.എൻ. അജയകുമാറാണ് സ്ക്രിപ്ട് എഴുതിയത്. പത്ത് വർഷത്തോളം ചലച്ചിത്ര സീരിയൽ മേഖലയിൽ അനുഭവസമ്പത്തുള്ള ആളാണ് അജയകുമാർ. ഖാദി കുടുംബാംഗങ്ങൾ അഭിനേതാക്കളുമായതോടെ കാമറ മാത്രം പുറത്ത് നിന്നും വിളിക്കേണ്ടിവന്നുള്ളു. അതുകൊണ്ട് ഏറെ പണച്ചെലവില്ലാതെ ലക്ഷ്യംനേടി.